Site iconSite icon Janayugom Online

കൊച്ചി ബിനാലെയിൽ 20 രാജ്യങ്ങളില്‍ നിന്ന്‌ കലാകാരന്മാർ

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. 20 രാജ്യങ്ങളില്‍ നിന്നായി കലാകാരന്മാരും കൂട്ടായ്മകളും അടങ്ങുന്ന സംഘമാണ് ഡിസംബര്‍ 12 ന് ആരംഭിച്ച് മാര്‍ച്ച് 31 ന് അവസാനിക്കുന്ന 110 ദിവസം നീണ്ടു നില്‍ക്കുന്ന കലാവിരുന്നിന്റെ ഭാഗമാകുന്നത്. പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്രയും അദ്ദേഹം ഉള്‍പ്പെടുന്ന എച്ച് എച്ച് ആര്‍ട്ട് സ്പേസസ്‌ ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയാണ് കൊച്ചി-മുസിരിസ് ബിനാലെ. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ തലക്കെട്ട്. 

ലോകമെമ്പാടുമുള്ള വ്യത്യസ്ത ശബ്ദങ്ങളുടെയും ആശയങ്ങളുടെയും പ്രതിനിധാനമാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടികയെന്ന് കെബിഎഫ് ചെയർപേഴ്‌സൺ ഡോ. വേണു വി പറഞ്ഞു. കൊച്ചിയുടെ കലാപരമായ പ്രാധാന്യത്തെ ആഘോഷിക്കുക മാത്രമല്ല മറിച്ച് വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്ക്കാരികമായ കൊടുക്കല്‍ വാങ്ങലുകളെ നിലനിറുത്താനുള്ള ദീര്‍ഘകാല കാഴ്ചപാടാണ് ബിനാലെ. പ്രാദേശിക സമൂഹവുമായി ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതുവഴി സമകാലീന കലയിലൂടെ ജനങ്ങളില്‍ സ്ഥിരമായ സ്വാധീനം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമകാലീന കലാലോകത്തെ വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങളുടെ ചടുലമായ കൂട്ടായ്മയാണ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടികയെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി.

Exit mobile version