കോഴിക്കോട് സാഹിത്യോത്സവത്തിന് തുടക്കമായി.നെയ്തൽ,കുറിഞ്ചി, മുല്ലൈ,മരുതം,പാലൈ എന്നീ അഞ്ച് വേദികളിലായി മുപ്പതോളം സെഷനുകൾ ആദ്യദിനം നടന്നു. അരൂപ് കുമാർ ദത്ത, കെവിൻ മലർ, പ്രൊഫ. ബി തിരുപ്പതി റാവു തുടങ്ങിയവർ ആദ്യനാൾ സാഹിത്യോത്സവത്തിന്റെ ഭാഗമായി. മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്തു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ ഡോപി പ്രിയ, മോൻസി മാത്യു, ജെ സുനിൽ ജോൺ, കെ പി രാമനുണ്ണി എന്നിവർ സംസാരിച്ചു. കോളേജിന് നാക് എ പ്ലസ് ലഭിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. ആദ്യദിനം സെഷനുകൾക്കുശേഷം അറബിക് വിഭാഗത്തിന്റെ ഒപ്പനയും നിലം നാടകക്കൂട്ടത്തിന്റെ വയലും വീടും നാടകാവതരണവും ഗോർണിക്ക കോളേജ് യൂണിയൻ അവതരിപ്പിച്ച സംഗീതനിശയും നടന്നു. കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അതിജീവനത്തിന്റെ നിഴലുകള്‍; വാക്കുകള്‍ മുറിവുകളെ അഭിമുഖീകരിക്കുമ്പോള്‍’ എന്ന പ്രമേയത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.

