Site iconSite icon Janayugom Online

മലപ്പുറം മഞ്ചേരിയില്‍ അരുംകൊല: യുവാവിനെ കാടുവെട്ട് യന്ത്രമുപയോഗിച്ച് കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയിൽ

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ(40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് കൊലപാതകം നടന്നത്. കാടുവെട്ട് തൊഴിലാളികളായ പ്രവീണും മൊയ്തീനും രാവിലെ ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനെത്തുടർന്ന് മൊയ്തീൻ, കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്തു വെച്ച് തന്നെ പ്രവീൺ മരിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പ്രവീണും മൊയ്തീനും തമ്മിൽ മുൻപും തർക്കങ്ങളും വൈരാഗ്യവുമുണ്ടായിരുന്നതായും വിവരമുണ്ട്.

Exit mobile version