Site iconSite icon Janayugom Online

ചൈനീസ് വിമാനത്താവളത്തിൽ അരുണാചൽ സ്വദേശിനിയെ തടഞ്ഞുവെച്ച സംഭവം; വ്യാപക പ്രതിഷേധം

അരുണാചൽ പ്രദേശ് സ്വദേശിയായ യുവതിയെ ചൈനയിലെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്ത സംഭവത്തിൽ ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. അരുണാചൽ പ്രദേശിൽ നിന്നുള്ള പെം വാങ് തോങ്‌ഡോക്ക് എന്ന യുവതിക്കാണ് ദുരനുഭവം നേരിട്ടത്. ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ഷാങ്ഹായിൽ മൂന്ന് മണിക്കൂർ വിമാനത്തിന് ഇടവേളയുണ്ടായിരുന്നപ്പോഴാണ് സംഭവം. അരുണാചൽ പ്രദേശ് ‘ചൈനീസ് പ്രദേശം’ ആണെന്ന് വാദിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയുടെ ഇന്ത്യൻ പാസ്‌പോർട്ട് സ്വീകരിക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. 

അരുണാചൽ പ്രദേശിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്ന് ഉദ്യോഗസ്ഥർ വാദിച്ചതായി പെം വാങ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ നടപടി ‘അസംബന്ധവും അസ്വീകാര്യവുമാണ്’ എന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ ഇന്ത്യ‑ചൈന നയതന്ത്ര ബന്ധം വീണ്ടും വഷളായി. 

Exit mobile version