Site icon Janayugom Online

മുംബൈയില്‍ ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അരവിന്ദ് കെജിരിവാള്‍

മുംബൈയില്‍ വെച്ച് നടക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജിരിവാള്‍. മുംബൈയില്‍ പോകുമെന്നും തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും യോഗത്തിന് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 എന്നീ തീയയ്യതികളിലാണ് മുംബൈയില്‍ ഇന്ത്യയുടെ യോഗം ചേരുന്നത്.

വരാനിരിക്കുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്ന എന്‍ഡിഎയെ നേരിടാനുള്ള മുന്നാമത്തെ പ്രതിപക്ഷ യോഗമാണ് മുംബൈയില്‍ വെച്ച് നടക്കാന്‍ പോകുന്നത്.ബെംഗളൂരുവില്‍ വെച്ച് നടന്ന യോഗത്തിലേത് പോലെ ഓഗസ്റ്റ് 31ന് നേതാക്കളുടെ അനൗദ്യോഗിക യോഗമായിരിക്കും ചേരുകയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.യോഗത്തില്‍ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

മഹാവികാസ്അഘാഠി സഖ്യത്തിലെ മൂന്ന് ഘടകകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും (യുബിടി) ശരദ് പവാറിന്റെ എന്‍സിപിയും സംയുക്തമായാണ് യോഗം സംഘടിപ്പിക്കുന്നത്.ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം പട്‌നയിലും രണ്ടാമത്തേത് കഴിഞ്ഞ മാസം ബെംഗളൂരുവിലുമായിരുന്നു നടന്നത്. ബെംഗളൂരു യോഗത്തിലാണ് ഇന്ത്യ എന്ന പേര് പ്രതിപക്ഷ സഖ്യത്തിനിടുന്നത്.

Eng­lish Sum­ma­ry: Arvind Kejiri­w­al said that India will attend the alliance meet­ing in Mumbai

You may also like this video:

Exit mobile version