Site iconSite icon Janayugom Online

അരവിന്ദ് കെജ്‌രിവാള്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂലൈ 12 വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ടത്. 

തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കോടതി കെജ്‌രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിരുന്നു.
മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ രണ്ടിന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

Eng­lish Sum­ma­ry: Arvind Kejri­w­al in judi­cial cus­tody for 14 days

You may also like this video

Exit mobile version