Site icon Janayugom Online

കസ്റ്റഡിയിലിരുന്ന് കെജ്‌രിവാളിന്റെ ഉത്തരവ്: അന്വേഷണം നടത്താന്‍ ഇഡി

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കസ്റ്റഡിയിൽ തുടരവേ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്താന്‍ ഇഡി. വിഷ‍യത്തിൽ ഡൽഹി മന്ത്രി അതിഷി മർലെനയെ ഇഡി ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിഷിക്ക് ആരാണ് കത്ത് നൽകിയതെന്നും എപ്പോഴാണ് നൽകിയെന്നുമുള്ള വിവരങ്ങളറിയാനാണ് ചോദ്യം ചെയ്യൽ. അതിനിടെ ഡല്‍ഹിയില്‍ എഎപി പ്രതിഷേധം തുടരുകയാണ്.
ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കാണ് കെജ്‌രിവാള്‍ കസ്റ്റഡിയിലിരിക്കെ നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രി ഒപ്പിട്ട പ്രിന്റ് ചെയ്ത കത്തിന്റെ പകര്‍പ്പ് മന്ത്രി അതിഷി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടരുന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനുമായിരുന്നു കത്തിലെ നിർദേശം. കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയിൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോ ഇല്ലെന്ന് ഇഡി പറയുന്നു. ഭാര്യ സുനിത കെജ്‌രിവാൾ, പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ എന്നിവർ മാത്രമാണ് കെജ്‌രിവാളിനെ ഇഡി ഓഫിസിലെത്തി കണ്ടത്. ഈ സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്ന് ഇഡി അന്വേഷിക്കും.

കുടുംബത്തിനും പേഴ്‌സണല്‍ സെക്രട്ടറിക്കും അഭിഭാഷകനും മാത്രമാണ് വൈകുന്നേരം ആറ് മുതല്‍ ഏഴ് വരെ കെജ്‌രിവാളിനെ കസ്റ്റഡിയില്‍ സന്ദര്‍ശിക്കാന്‍ അനുമതി. നിലവില്‍ കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി 28ന് അവസാനിക്കും. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Arvind Kejri­w­al issues order from custody
You may also like this video

Exit mobile version