Site icon Janayugom Online

അരവിന്ദ് പനഗരിയ ധനകാര്യ കമ്മിഷൻ ചെയർമാന്‍

arvind

നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയെ 16-ാം ധനകാര്യ കമ്മിഷൻ ചെയർമാനായി നിയമിച്ചു. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. കമ്മിഷനിലെ മറ്റ് അംഗങ്ങളുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 

കേന്ദ്ര‑സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മിഷൻ. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 16-ാം ധനകാര്യ കമ്മിഷന്റെ വ്യവസ്ഥകളും പരിഗണനാ വിഷയങ്ങളും അംഗീകരിച്ചിരുന്നു. കമ്മിഷൻ അഞ്ച് വർഷ (2026–27 മുതൽ 2030–31 വരെ) കാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31നകം രാഷ്ട്രപതിക്ക് സമർപ്പിക്കും. 

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിഭജനവും വരുമാന വർധന നടപടികളും നിർദേശിക്കുന്നതിനു പുറമേ, ദുരന്ത നിവാരണ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങളുടെ അവലോകനവും കമ്മിഷൻ നിര്‍വഹിക്കും.
2015 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെ നിതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു അരവിന്ദ് പനഗരിയ. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റും 1978 മുതൽ 2003 വരെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം ഫാക്കല്‍ട്ടിയുമാിരുന്നു. നിലവില്‍ കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായും സേവനം അനുഷ്ഠിക്കുന്നുണ്ട്. ലോകബാങ്ക്, ഐഎംഎഫ്, ഡബ്ല്യുടിഒ എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Arvind Pana­gariya Chair­man, Finance Commission

You may also like this video

Exit mobile version