Site iconSite icon Janayugom Online

കെപിസിസി മുന്നറിയിപ്പ് തള്ളി ആര്യാടന്‍ ഷൗക്കത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുമായി മുന്നോട്ട്

KPCCKPCC

കെപിസിസി മുന്നറിയിപ്പ് തള്ളി പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുമായി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലാണ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുന്നത്. പരിപാടിയില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ കര്‍ശനമായ അച്ചടക്കനടപടിയുണ്ടാവുമെന്ന് കാണിച്ച് കെപിസിസി നേതൃത്വം ആര്യാടന്‍ ഷൗക്കത്തിന് കഴിഞ്ഞദിവസം കത്തുനല്‍കിയിരുന്നു. എന്നാല്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഇന്നു വൈകിട്ട് മലപ്പുറത്താണ് റാലി. എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തുന്നത്. വൈകീട്ട് നാലിന് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് തുടങ്ങുന്ന റാലി കിഴക്കേത്തലയില്‍ സമാപിക്കും. തുടര്‍ന്ന് അഞ്ചിന് കിഴക്കേത്തലയില്‍ പൊതുയോഗം നടക്കും. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്. തങ്ങളുടെ സ്ഥാനാര്‍ഥികളെ ഡിസിസി പ്രസിഡന്റ് വിഎസ്. ജോയിയും എപി. അനില്‍കുമാറുമടങ്ങുന്ന കെ.സി. വേണുഗോപാലിന്റെ സംഘം വെട്ടിനിരത്തുകയാണെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം.

വിഭാഗീയത ശക്തമായി നില്‍ക്കുന്നതിനിടെയാണ് ആര്യാടന്‍ ഫൗണ്ടേഷന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി പ്രഖ്യാപിച്ചത്. അതിനിടെ കഴിഞ്ഞ 31‑ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം നടത്തി. ആര്യാടന്‍ഷൗക്കത്തും സി. ഹരിദാസുമടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ്കെപിസിസി നേതൃത്വം ഷൗക്കത്തിനു കത്തയച്ചത്. ഇത്തരമൊരു പരിപാടി കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും വിലക്കിയിരുന്നെന്നും അത് ധിക്കരിച്ച് വെള്ളിയാഴ്ച റാലിനടത്തുന്നത് അച്ചടക്കലംഘനമാണെന്നും കത്തില്‍ പറയുന്നു.

ഇതിനുമുമ്പ് പാര്‍ട്ടിനിര്‍ദേശം ലംഘിച്ച് വിഭാഗീയപ്രവര്‍ത്തനം നടത്തിയപ്പോള്‍ ഷൗക്കത്തിന് പാര്‍ട്ടി ശക്തമായ താക്കീതു നല്‍കിയിരുന്നു. പാര്‍ട്ടി ഏറെ ബഹുമാനിക്കുന്ന ആര്യാടന്‍ മുഹമ്മദിന്റെ പേരില്‍ ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. പലസ്തീന്‍ ഐക്യദാര്‍ഢ്യം പോലുള്ള പരിപാടികളെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ മറയാക്കുന്നത് ദൗര്‍ഭാഗ്യകരമാണ് കത്തില്‍ പറയുന്നു

Eng­lish Summary:
Aryadan Shaukat rejects KPCC warn­ing and goes ahead with Pales­tine sol­i­dar­i­ty meeting

You may also like this video:

Exit mobile version