Site icon Janayugom Online

ആര്യന്‍ ഖാന്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ആഢംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) സസ്പെന്‍ഡ് ചെയ്തു.

എന്‍സിബി ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ്, ആശിഷ് രജ്ഞന്‍ പ്രസാദ് എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. സസ്പെന്‍ഷന്റെ കാരണത്തെക്കുറിച്ച് എന്‍സിബി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആര്യന്‍ ഖാന്‍ കേസില്‍ ഇരുവരും സംശയാസ്പദമായ ഇടപെടലുകള്‍ നടത്തിയെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് നിഗമനം.

വിശ്വ വിജയ് സിങ് ആയിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രസാദായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന സഹായി. കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍സിബി സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെയ്ക്കെതിരെ 25 കോടി ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.

2021 ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. നിരോധിത ലഹരി ഉല്പന്നങ്ങള്‍ കൈയില്‍ സൂക്ഷിച്ചു, ഉപയോഗിച്ചു, വിതരണം ചെയ്തു, വില്പന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ആര്യന്‍ ഖാനെതിരെ ചുമത്തിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചു. രണ്ടുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

Eng­lish summary;Aryan Khan case; Inves­ti­gat­ing offi­cers were suspended

You may also like this video;

Exit mobile version