ആര്യന്‍ ഖാന്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി വിവാദ ഇടനിലക്കാരന്‍ സാം ഡിസൂസ. റെയ്ഡ് നടക്കുന്നതിന് ഒരുദിവസം മുമ്പാണ് കിരണ്‍ ഗോസാവി തന്നെ സമീപിച്ചതെന്നും ഇയാളെ ഷാരുഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിക്ക് പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ കേസിലെ സ്വതന്ത്രസാക്ഷികളിലൊരാളായ പ്രഭാകര്‍ സയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കിരണ്‍ ഗോസാവിയുമായി ചേര്‍ന്ന് ഷാരുഖ് ഖാനില്‍ നിന്നും 25 കോടി രൂപ വാങ്ങിയെടുക്കാന്‍ ശ്രമം നടത്തിയെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു. എട്ടുകോടി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാമെന്നായിരുന്നു ധാരണ.
റെയ്ഡിന് ഒരു ദിവസം മുമ്പേ ഒക്ടോബര്‍ രണ്ടിന് ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയിലാണെന്നും ഷാരുഖ് ഖാനെ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ട് ഗോസാവി തന്നെ സമീപിച്ചുവെന്നാണ് സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍. സുനില്‍ പാട്ടീല്‍ എന്ന സഹൃത്തുവഴിയാണ് തന്നെ ഇവര്‍ ബന്ധപ്പെട്ടത്. ആര്യന്റെ കയ്യില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ സഹായിക്കാന്‍ കഴിയുമെന്നും ഗോസാവി പറഞ്ഞു. താന്‍ ഷാരുഖിന്റെ മനേജരുടെ നമ്പര്‍ സംഘടിപ്പിച്ച് നല്‍കി. പൂജ ദദ്‌ലാനിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നു. ഗോസാവി എന്‍സിബി ഉദ്യോഗസ്ഥനെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. എന്‍സിബി സ്റ്റിക്കര്‍ ഒട്ടിച്ച കാറിലാണ് എത്തിയതെന്നും സാം ഡിസൂസ പറയുന്നു.
കൂടിക്കാഴ്ച നടന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആര്യന്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അമ്പതുലക്ഷം രൂപ പൂജ ദദ്‌ലാനിയില്‍ നിന്നും ഗോസാവി വാങ്ങിയെടുത്തതായി പിന്നീട് താന്‍ മനസിലാക്കി. ഇത് താന്‍ ഇടപെട്ട് പൂജ ദദ്‌ലാനിക്ക് തിരിച്ചുനല്‍കി. ഗോസാവി, സുനില്‍ പാട്ടീല്‍, പ്രഭാകര്‍ സയില്‍ എന്നിവരെല്ലാം തട്ടിപ്പുകാരാണെന്നും എന്‍സിബിക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് തനിക്ക് അറിവില്ലെന്നും സാം ഡിസൂസ എന്‍ഡിടിവിയോട് പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മഹാരാഷ്ട സര്‍ക്കാരിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിസൂസ അറിയിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബോളിവുഡ‍് താരങ്ങളില്‍ നിന്നടക്കം കോടികള്‍ തട്ടിയെടുത്തുവെന്ന ആരോപണമാണ് ആര്യന്‍ ഖാന്‍ കേസില്‍ ഉയര്‍ന്നിട്ടുള്ളത്. തുടര്‍ന്ന് സമീര്‍ വാങ്കഡെയെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രഭാകര്‍ സയിലിന്റെ വെളിപ്പെടുത്തലില്‍ മുംബൈ പൊലീസ് ഇന്നലെ സാം ഡിസൂസയുടെ മൊഴി രേഖപ്പെടുത്തി.
ENGLISH SUMMARY:Aryan khan case; The argument that the case was planned by the NCB is strengthened
You may also like this video