Site iconSite icon Janayugom Online

അന്തിമ വോട്ടർ പട്ടികയായി; 2.77 കോടി വോട്ടര്‍മാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടികയായി. 2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി.

പട്ടികയിലുള്ള 18–19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15,293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ‑367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068. കൂടുതൽ വോട്ടർമാർ ഉള്ള ജില്ല — മലപ്പുറം (33,93,884), കുറവ് വോട്ടർമാർ ഉള്ള ജില്ല — വയനാട് (6,35,930), കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില്ല — മലപ്പുറം(16,97,132), കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല — തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടർമാർ ‑89,839, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല — കോഴിക്കോട് (35,793). 80 വയസിന് മുകളിൽ പ്രായമുള്ള 6,27,045 വോട്ടർമാരുണ്ട്.

അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്പെഷ്യൽ സമ്മറി റിവിഷൻ കാലയളവിൽ സോഫ്റ്റ്‌വേര്‍ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എൻട്രികൾ, ഫോട്ടോ സമാനമായ എൻട്രികൾ എന്നിവ ബിഎൽഒമാർ വഴി പരിശോധിച്ച് അധികമായി പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി.

86 പേരുടെ പത്രിക തള്ളി; നിലവിലുള്ളത് 204 സ്ഥാനാര്‍ത്ഥികള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ത്ഥികളാണുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.

ലോക്‌സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം: തിരുവനന്തപുരം 13 (തള്ളിയത് 9), ആറ്റിങ്ങല്‍ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലത്തൂര്‍ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂര്‍ 12(6), കാസര്‍കോട് 9(4).

Eng­lish Summary:As the final vot­er list; 2.77 crore voters
You may also like this video

Exit mobile version