Site iconSite icon Janayugom Online

നീന്തല്‍ക്കുളത്തില്‍ ആസീമിന്റെ ഹാട്രിക് മെഡല്‍ തിളക്കം

പരിമിതികളില്‍ നിന്ന് സാധ്യതകളിലേക്കും പിന്നെ മിന്നും വിജയങ്ങളിലേക്കും ഊളിയിടുമ്പോള്‍ മുഹമ്മദ് ആസീം അതിജീവനത്തിന്റെ ത്രസിപ്പിക്കുന്ന മാതൃകയാവുകയാണ്. ഗോവയിലെ പനാജിയില്‍ നടക്കുന്ന 24-ാമത് നാഷണല്‍ പാരാ സ്വിമ്മിങ് കോമ്പിറ്റീഷനില്‍ ആസീമിന്റെ ഹാട്രിക് മെഡല്‍ നേട്ടം അക്ഷീണമായ പോരാട്ടത്തിന്റെയും പരിശീലനത്തിന്റെയും പ്രതിഫലമാണ്. 26 സംസ്ഥാനങ്ങളില്‍ നിന്ന് 500 ലധികം പാരാ സ്വിമ്മേഴ്‌സ് പങ്കെടുത്ത മീറ്റില്‍ ഏറ്റവും മികച്ച നീന്തല്‍ക്കാരനുള്ള അവാര്‍ഡ് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തില്‍ നിന്ന് കേരളത്തിന്റെ അഭിമാനതാരം ഏറ്റുവാങ്ങി. 

മത്സരിച്ച എസ് ‑2 കാറ്റഗറിയിലെ 100 മീറ്റര്‍, 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്ര്‌ട്രോക്ക് എന്നീ മൂന്ന് ഇനങ്ങളിലും അസീം സ്വര്‍ണം നേടി. ഇതോടെ ഈ ഇനങ്ങളില്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അനസരവും സ്വന്തം. കോഴിക്കോട് വെള്ളിമണ്ണയില്‍ മുഹമ്മദ് ശഹീദിന്റെയും ജംസീനയുടേയും മകനായ അസീം ജനിക്കുന്നത് 90 ശതമാനം പരിമിതികളോടെയാണ്. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന രീതിയിലുള്ള ചിന്തകളും കായിക ഇനങ്ങളിലുള്ള താല്പര്യവും കൊച്ചു മിടുക്കനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കി. 

താന്‍ പഠിക്കുന്ന വെളിമണ്ണ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വിദ്യാലയ മുറ്റത്തു നിന്ന് സെക്രട്ടറിയറ്റ് വരെ 450 കിലോമീറ്ററിലധികം ദൂരം 52 ദിവസങ്ങള്‍ കൊണ്ട് വീല്‍ ചെയറില്‍ സഞ്ചരിച്ച് ലോക ശ്രദ്ധ നേടിയ സഹന സമരയാത്ര നടത്തിയാണ് അസീം തന്റെ ജീവിതം പോരാട്ടത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സ്‌കൂള്‍ കാലത്തു തുടങ്ങിയ സമര വീര്യം നീന്തല്‍ക്കുളത്തിലേക്ക് ഇറങ്ങിയതോടെ കൂടുതല്‍ കരുത്താര്‍ജിച്ചു.

ആലുവയിലെ സജി വാളശേരിയാണ് നീന്തലിന്റെ ബാല പാഠങ്ങള്‍ പരീശീലിപ്പിച്ച് ഒഴുക്കിനെ മുറിച്ചു കടക്കാനുള്ള ആര്‍ജവത്തിന് ആ­ക്കം നല്‍കിയത്. പരിശീലകരായ ശ്രീകാന്ത് മാവൂര്‍, ഷാജഹാന്‍ കൊടിയത്തൂര്‍ എന്നിവരും ഉറച്ച പിന്തുണയുമായി കട്ടയ്ക്ക് നിന്നതോടെ അസീം നീന്തല്‍ക്കുളങ്ങളിലെ സ്വര്‍ണ മത്സ്യമായി മാറി. നീന്തലറിയാത്തതിന്റെ പേരില്‍ ആരും തന്നെ മുങ്ങി മരിക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി 2022ല്‍ ആലുവയിലെ പെരിയാറില്‍ ഒരുമണിക്കൂര്‍കൊണ്ട് 800 മീറ്ററിലധികം താണ്ടി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സിലും വേള്‍ഡ് റെക്കോഡ്‌സ് യൂണിയനിലും ഇടം നേടിയതോടെ അസീം നീന്തല്‍ മത്സരങ്ങളിലെ ലോക താരമായി. നീന്തല്‍ക്കുളങ്ങളില്‍ നിന്ന് വിവിധ മീറ്റുകളിലായി ദേശീയ‑സംസ്ഥാനതലങ്ങളിലെ നിരവധി മെഡലുകളാണ് നേടിയത്. നീന്തലിനുപുറമേ ലോങ്ജമ്പ്, 100 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളിലും ഈ മിടുക്കന്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മനുഷ്യന് കുറവുകള്‍ ഉണ്ടാകുന്നത് മനസിന് ഭാരം ബാധിക്കുമ്പോള്‍ മാത്രമാണെന്നും ധീരമായി ജീവിതത്തെ നേരിടുന്നവര്‍ മാത്രമാണ് പൂര്‍ണത നേടുന്നുള്ളൂ എ­ന്ന തത്വത്തെ മുറുകെ പിടിച്ചാണ് എന്‍ജിനീയറാകണമെന്ന മോഹം കൊണ്ടു നടക്കുന്ന ജീവിതയാത്ര. രാജ്യാന്തര മത്സരങ്ങളിലേക്കുളള യോ­ഗ്യത നേടിയെങ്കിലും ആരെങ്കിലും സാമ്പത്തികമായി കനിയാതെ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് താരമിപ്പോള്‍. 

Exit mobile version