Site icon Janayugom Online

ആശിഷ് മിശ്ര മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ അറസ്റ്റിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്നുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

വീഡിയോ കോൺഫറൻസിങ് വഴിയാണ് ആശിഷ് മിശ്രയെ ലഖിംപുർ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. വിശദമായി ചോദ്യംചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനിവാര്യമാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. നാല് കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകക്കുറ്റം, ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 

സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് സംഭവസ്ഥലമായ ലഖിംപുര്‍ ഖേരിയിലെ ടിക്കോണിയ ഗ്രാമത്തില്‍ ഒത്തുചേരുന്ന കർഷകർ കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും. ആയിരക്കണക്കിന് കർഷകർ സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മെഴുകുതിരി പ്രകടനങ്ങള്‍ നടക്കും. 

നാളെ മുതല്‍ കര്‍ഷകരുടെ ചിതാഭസ്മവുമേന്തിയുള്ള ഷഹീന്‍ യാത്ര അടക്കമുള്ള സമരപരിപാടികളാണ് കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുള്ളത്. 18 ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരവും 26 ന് ലഖ്നൗവില്‍ കിസാന്‍ മഹാപഞ്ചായത്തും നടത്തും. ലഖിംപുരിൽ കൊല്ലപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് മഹാരാഷ്ട്രയിൽ എൻസിപി, കോൺഗ്രസ്, ശിവസേന എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത 24 മണിക്കൂർ ബന്ദ് സംസ്ഥാനത്ത് പൂര്‍ണമായിരുന്നു.

Eng­lish Sum­ma­ry : ashish mishra tak­en to police custody

You may also like this video :

Exit mobile version