Site iconSite icon Janayugom Online

സച്ചിന്‍പൈലറ്റിനെതിരെ കുറ്റപത്രവുമായി അശോക്ഗലോട്ട്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നലെ സോണിയ ഗാന്ധിയെ കണ്ടത് സച്ചിന്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുള്ള കുറിപ്പുമായി. സച്ചിനെ എസ്പി എന്നാണ് കുറിപ്പില്‍ ഗെലോട്ട് വിശേഷിപ്പിച്ചത്. ആ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തായിരിക്കുന്നു. തനിക്കൊപ്പം 102 എംഎല്‍എമാരുണ്ട്; സച്ചിനൊപ്പം വെറും 18 പേരും’ എന്നത് ഉൾപ്പെടെ രേഖപ്പെടുത്തിയ കുറിപ്പാണ് പുറത്തായത്.

സോണിയ ഗാന്ധിയുടെ വസതിയിലേക്കുള്ള യാത്രയിൽ വാഹനത്തിന്റെ മുൻസീറ്റിലിരുന്ന അശോക് ഗെലോട്ട് കയ്യിൽ ഈ കുറിപ്പ് ഉണ്ടായിരുന്നു.സോണിയയ്ക്കു മുന്നിൽ സച്ചിനെതിരെ നിരത്താനുള്ള ഗുരുതര ആരോപണങ്ങൾ രേഖപ്പെടുത്തിയ ഈ കുറിപ്പിലാണ് ‘എസ്പി’ എന്നാണ് സച്ചിൻ പൈലറ്റിനെ രേഖപ്പെടുത്തിയത്.തനിക്കൊപ്പം 102 എംഎൽഎമാരുണ്ട്; സച്ചിനൊപ്പമുള്ളത് വെറും 18. സച്ചിൻ കോൺഗ്രസ് വിടും. പിസിസി പ്രസിഡന്റെന്ന നിലയിൽ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ ശ്രമിച്ചു. ഇതിനായി 10 മുതൽ 50 കോടി രൂപ വരെ എംഎൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്തുവെന്ന സൂചനയും കുറിപ്പിലുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിനു കൈമാറാനാവില്ലെന്നു സോണിയ ഗാന്ധിയെ അറിയിച്ച അശോക് ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പുറത്തായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നു സോണിയയുമായി നടത്തിയ ഒന്നര മണിക്കൂർ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി പദം നഷ്ടമായ സച്ചിനെ ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവന്നേക്കും.

സച്ചിൻ ഇന്നലെ സോണിയയുമായി ചർച്ച നടത്തി. സച്ചിന്റെ മുഖം രക്ഷിക്കുന്ന നടപടി ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഗലോട്ടിന്റെ നിലപാടിൽ കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ച സോണിയ ഗാന്ധി ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ച ഒരാൾക്ക് ഒരു പദവി നയം കർശനമായും പാലിക്കപ്പെടണമെന്നു വ്യക്തമാക്കി. മുഖ്യമന്ത്രി പദം സച്ചിനു വിട്ടുകൊടുത്താൽ മാത്രമേ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാനാവൂ എന്നും കൂട്ടിച്ചേർത്തു.

കെ സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്ത് ഏതാനും എംഎൽഎമാരുടെ മാത്രം പിന്തുണയുള്ള സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ സർക്കാർ വീഴുമെന്നു ഗലോട്ട് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പദമൊഴിയാനില്ലെന്നു ഗലോട്ട് വ്യക്തമാക്കിയതോടെ, സച്ചിനെ ആ പദവിയിൽ നിയമിക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ ശ്രമം പരാജയപ്പെട്ടു. ഗാന്ധി കുടുംബത്തിന്റെ തീരുമാനം സംസ്ഥാന നേതാവ് അട്ടിമറിക്കുന്നുവെന്ന അപൂർവതയ്ക്കും രാജസ്ഥാൻ അധ്യായം സാക്ഷിയായി

Eng­lish Summary:
Ashok­ga­lot with charge sheet against Sachinpilot

You may also like this video:

Exit mobile version