ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനുമൊപ്പം ബംഗ്ലാദേശുമുണ്ട്. ആദ്യ മത്സരം ജയിച്ച് വരവറിയിക്കാന്‍ ശ്രീലങ്ക ശ്രമിക്കുമ്പോള്‍ അട്ടിമറിക്കുകയാണ് അഫ്ഗാന്റെ ലക്ഷ്യം. ശ്രീലങ്കയ്ക്ക് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും അഫ്ഗാനെ വീഴ്ത്തുക അത്ര അനായാസമാകില്ല. പരിക്കേറ്റ പേസര്‍ ദുഷ്മന്ത ചമീരയുടെ അഭാവം ലങ്കന്‍ നിരയെ തളര്‍ത്തുന്നു. എന്നാല്‍ പാതും നിസങ്ക, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഭാനുക രജപക്‌സെ, ക്യാപ്റ്റന്‍ ദസുന്‍ ഷാനക, ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്ക, ചരിത് അസലങ്ക, മഹീഷ തീക്ഷണ എന്നിവരെല്ലാം ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
റാഷിദ് ഖാനെപ്പോലെ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാന്‍ കഴിയുന്നവര്‍ അഫ്ഗാന്‍ നിരയിലുണ്ട്. നജീബുല്ല സദ്രാന്‍, ഹസ്‌റത്തുല്ല സസായ്, ഇബ്രാഹിം സദ്രാന്‍, ഉസ്മാന്‍ ഖാനി, റഹ്‌മാനുല്ല ഗുര്‍ബാസ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ടീമില്‍ അണിനിരക്കുമ്പോള്‍ ഏത് ഏഷ്യന്‍ ശക്തികളോടും കടുത്ത മത്സരം സമ്മാനിക്കാന്‍ പര്യാപ്തമാണ് അഫ്ഗാന്‍ ടീം.
ശ്രീലങ്കയും അഫ്ഗാനും അന്താരാഷ്ട്ര ടി20യില്‍ നേര്‍ക്കുനേര്‍ പോരാടിയിരിക്കുന്നത് ഒരു തവണ മാത്രമാണ്. 2016ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. അന്ന് അഫ്ഗാനിസ്ഥാനെ ശ്രീലങ്ക ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇരുവര്‍ക്കും പുറമെ ബംഗ്ലാദേശും ഗ്രൂപ്പ് ബിയിലുണ്ട്. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്ക് ശേഷം ഏറ്റവും കൂടുതല്‍ കിരീടം ഉയര്‍ത്തിയ ടീമാണ് ശ്രീലങ്ക. അഞ്ച് തവണ അവര്‍ കിരീടം നേടിയിട്ടുണ്ട്. ഇന്ത്യയാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍. ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതമാണ് സൂപ്പര്‍ ഫോറിലേക്കെത്തുക. മൂന്നാം സ്ഥാനക്കാര്‍ പുറത്താകും.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ‑പാകിസ്ഥാന്‍ മത്സരം നാളെയാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തിയ അവസാന മത്സരത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാക് നിര തോല്‍പ്പിച്ചത്. ഇതിന് പകരംവീട്ടാനുള്ള തയാറെടുപ്പിലാണ് രോഹിത് ശര്‍മയും സംഘവും. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന പാകിസ്ഥാനും വിജയത്തിനായി ശ്രമിക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ക്രിക്കറ്റിൽ നിന്ന് താല്കാലിക ഇടവേള കഴിഞ്ഞെത്തുന്ന സൂപ്പര്‍താരം വിരാട് കോലിയുടെ തിരിച്ചുവരവ് കൂടിയാകും പാകിസ്ഥാനെതിരെയുള്ള മത്സരം.
English Summary:Asian fights start today; Now it’s time to get excited
You may also like this video