Site iconSite icon Janayugom Online

ഏഷ്യൻ ആരവം; ഇന്ന് അഫ്ഗാനിസ്ഥാന്‍ ഹോങ്കോങ്ങിനെ നേരിടും

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. രാത്രി എട്ട് മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തിലാണ് ഏഷ്യാ കപ്പിന് തുടക്കമാകുക. അഫ്​ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. 28 വരെ ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 4 ലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലൂടെ മുന്നിലെത്തുന്ന ടീമുകള്‍ ഫൈനല്‍ കളിക്കും. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക. ടി20യില്‍ വന്‍ ശക്തികളെ ഞെട്ടിച്ച് സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അഫ്ഗാനിസ്ഥാനാണ് ഹോങ്കോങിനെതിരെ മുന്‍തൂക്കം. തങ്ങളുടേതായ ദിനങ്ങളില്‍, പ്രത്യേകിച്ച് വളരെ പരിചിതമായ സാഹചര്യങ്ങളില്‍ ഏതൊരു ടീമിനെയും അമ്പരപ്പിക്കാന്‍ അവര്‍ക്ക് കഴിയും. സ്പിന്‍ അനുകൂല സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ മള്‍ട്ടി-ടീം ഇവന്റുകളില്‍ അഫ്ഗാനിസ്ഥാന്‍ ഒരു പ്രധാന ശക്തിയാണ്. 

ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ച അവര്‍ ഓസ്‌ട്രേലിയയോട് വിജയത്തിന് അടുത്തെത്തിയിരുന്നു. അടുത്ത വര്‍ഷം ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെയും ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഏഷ്യ കപ്പില്‍ ശക്തമായ ടീമിനെയാണ് അഫ്ഗാന്‍ ഇറക്കുന്നത്. റാഷിദ് ഖാന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഇബ്രാഹിം സദ്‌റാന്‍, റഹ്‌മാനുല്ല ഗുര്‍ബാസ്, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ് തുടങ്ങിയ വമ്പന്മാര്‍ ബാറ്റിങ് നിരയിലുണ്ട്. ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ്, അസ്മത്തുല്ല ഉമര്‍സായ് എന്നിവര്‍ മികച്ച പേസ് ആക്രമണത്തിന് കഴിവുള്ളവരാണ്. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്‌മാന്‍, അല്ലാഹ് ഗസന്‍ഫര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികച്ച നിലവാരം പുലര്‍ത്തുന്നു. അഫ്ഗാന്‍ 16ന് ബംഗ്ലാദേശിനെയും 18ന് ശ്രീലങ്കയെയും നേരിടും.
നാളെ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. 14 നാണ് ഇന്ത്യ‑പാക് പേരാട്ടം. ഒമാനെതിരെയും ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. 

Exit mobile version