Site iconSite icon Janayugom Online

ഏഷ്യൻ സീനിയർ വോളിബോള്‍ ചാമ്പ്യൻഷിപ്പ്; അങ്കമാലിയുടെ അഭിമാനമായി എറിൻ വർഗീസ്

ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ കറുകുറ്റി സ്വദേശി എറിൻ വർഗീസിനു കരുത്തായത് നാട്ടിലെ വോളിബോൾ പരിശീലനം. എറിന് രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ ഇടം നേടാനായതിന്റെ ആഹ്ലാദത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. അങ്കമാലിയിലെ പഴയ വോളിബോൾ കളിക്കാരിൽ ഒരാളായ കെ ഡി തോമസായിരുന്നു എറിന്റെ മുഖ്യപരിശീലകൻ. 

മൂന്നാംപറമ്പ് കാർമ്മൽ വോളി ക്ലബ്ബിലായിരുന്നു എറിന്‍ കളിച്ചു തുടങ്ങിയത്. മൂക്കന്നൂർ സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ നാട്ടിലെ ക്ലബ്ബിൽ സജീവമായിരുന്നു. ഹയർ സെക്കൻഡറി പഠനത്തിനായി കോട്ടയം ഗിരിദീപം സ്കൂളിലേക്കു പോയപ്പോൾ ഹോസ്റ്റലിൽ താമസിച്ചായി പഠനം. ബിരുദപഠനത്തിനായി അങ്കമാലി ഡിസ്റ്റ് കോളജിലേക്ക് തിരികെ വന്നപ്പോൾ നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം വോളിബോൾ കളിക്കാൻ വീണ്ടും അവസരമായി. ഡിസ്റ്റ് ടീമിൽ വന്നപ്പോൾ കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ സാധിച്ചത് ഏഷ്യൻ സീനിയർ ടീമിൽ ഇടംനേടുന്നതിനു മുതൽക്കൂട്ടായി. 

ദേശീയ യൂത്ത് വോളിബോൾ ചാ­മ്പ്യൻ­ഷിപ്പ് വിജയിച്ച കേരള ടീമിലും അംഗമാകാൻ കഴിഞ്ഞു. പ്രൈം വോളിയിൽ കൊച്ചിൻ സ്പൈക്കേഴ്സ് ടീമിലും കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച മത്സരം പുറത്തെടുത്ത് ലോക വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്നതാണ് ലക്ഷ്യമെന്ന് എറിൻ പറഞ്ഞു. മൂന്നാംപറമ്പ് കല്ലറയ്ക്കൽ കെ എൽ വർഗീസിന്റെയും ആനീസിന്റെയും മകനാണ്. 

ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനു ബംഗളൂരു സായിയിൽ ഒരു മാസത്തെ പരിശീലനക്യാമ്പ് ഉണ്ടായിരുന്നു. ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി. തുടർന്ന് ഇറാനിലേക്കു പോകും. ഓഗസ്റ്റ് 19 മുതൽ 26 വരെയാണു ചാമ്പ്യൻഷിപ്. ഇ ഗ്രൂപ്പിൽ കളിക്കുന്ന ഇന്ത്യ ഖത്തറിനെയും അഫ്ഗാനിസ്ഥാനെയും നേരിടും. 

Eng­lish Summary:Asian Senior Vol­ley­ball Cham­pi­onship; Erin Vargh­ese as the pride of Angamaly

You may also like this video

Exit mobile version