Site iconSite icon Janayugom Online

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്തി

വരാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പൂർണ സമിതി സംസ്ഥാനത്ത് സന്ദർശനം നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്‌ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങുന്ന സംഘമാണ് ഗുവാഹട്ടിയിൽ അവലോകന യോഗങ്ങൾ നടത്തിയത്. 126 അംഗ അസം നിയമസഭയുടെ കാലാവധി മേയ് 20ന് അവസാനിക്കാനിരിക്കെയാണ് കമ്മിഷന്റെ ഈ നിർണായക സന്ദർശനം. കേരളത്തില്‍ സന്ദര്‍ശനം ഉടന്‍ ഉണ്ടായേക്കും. 

സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, അസം ഗണ പരിഷത്ത് തുടങ്ങി എട്ടോളം പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കമ്മിഷൻ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായോ പരമാവധി രണ്ട് ഘട്ടങ്ങളായോ നടത്തണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഹു ഉത്സവം കണക്കിലെടുത്തു വേണം തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കാനെന്നും പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. മാർച്ച് ആദ്യ വാരത്തോടെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കൊപ്പം അസമിലും ഏപ്രിൽ മാസത്തോടെ വോട്ടെടുപ്പ് നടന്നേക്കും.

Exit mobile version