Site iconSite icon Janayugom Online

ഹിന്ദു ദമ്പതികൾ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് അസം മുഖ്യമന്ത്രി

ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ന്യൂനപക്ഷ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ ആഹ്വാനം. ഇത് വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജനനനിരക്ക് കൂടുതലാണെന്നും എന്നാൽ ഹിന്ദുക്കൾക്കിടയിൽ ഇത് കുറഞ്ഞു വരികയാണെന്നും ശർമ്മ പറഞ്ഞു. ഹിന്ദുക്കൾ ഒരു കുട്ടിയിൽ നിർത്തരുത്, കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും വേണം. കഴിയുന്നവർ മൂന്ന് കുട്ടികൾക്ക് വരെ ജന്മം നൽകണം, ’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മുസ്ലിം ജനസംഖ്യ അസമിൽ അതിവേഗം വര്‍ധിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2011ൽ 31 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2027ഓടെ 40 ശതമാനമാകാൻ സാധ്യതയുണ്ടെന്നും ഹിമന്ത പറഞ്ഞു.
ജനസംഖ്യ 50 ശതമാനത്തിന് മുകളിലായാൽ വടക്കുകിഴക്കൻ ഇന്ത്യ ബംഗ്ലാദേശിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും, യുദ്ധം കൂടാതെ തന്നെ അവർക്ക് ഈ പ്രദേശം കൈക്കലാക്കാൻ കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപി അസമിലെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ കോൺഗ്രസ് മുസ്ലിങ്ങളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version