Site iconSite icon Janayugom Online

ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതക ശ്രമം; റോ മുന്‍ ഉദ്യോഗസ്ഥനെതിരെ യുഎസില്‍ അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) മുന്‍ ഉദ്യോഗസ്ഥന്‍ വികാസ് യാദവിനെതിരെ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്. പന്നൂനെ ന്യൂയോര്‍ക്കില്‍ വെച്ച് വധിക്കാന്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ശ്രമിച്ചുവെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഇന്ത്യ പ്രതിയായ വികാസ് യാദവ് ഇന്ത്യയുടെ ഉദ്യോഗസ്ഥനല്ലെന്നും യുഎസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് വികാസ് യാദവിനെതിരെ കുറ്റം ചുമത്തിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. 

വികാസ് യാദവിനെ കൈമാറണമെന്നും ഇന്ത്യയോട് യുഎസ് ആവശ്യപ്പെട്ടു. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം നൽകി എന്നാണ് അമേരിക്കയുടെ ആരോപണം. തുടർന്ന് നിഖിൽ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാൽ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ഏൽപ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്റിനെയായിരുന്നു. ഒരു ലക്ഷം ഡോളറിന്റേതായിരുന്നു കരാര്‍. തുടർന്ന് നിഖിൽ ഗുപ്തയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏജന്റ് അമേരിക്കൻ സർക്കാരിന് വിവരങ്ങൾ കൈമാറി. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ വര്‍ഷം പ്രാഗില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎസിലേക്ക് നാടുകടത്തപ്പെട്ട നിഖില്‍ ഗുപ്ത ഇപ്പോള്‍ യുഎസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുകയാണ്. ഇന്ത്യ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തെളിവുകള്‍ അവലോകനം ചെയ്യാന്‍ രൂപീകരിച്ച ഉന്നതതല ഇന്ത്യന്‍ അന്വേഷണസമിതി സന്ദര്‍ശനം നടത്തിയതായും യുഎസ് അറിയിച്ചിരുന്നു. 

Exit mobile version