Site iconSite icon Janayugom Online

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; അബുദാബിയിലും പ്രതികൾ രണ്ട് പേരെ കൊലപ്പെടുത്തി

മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്റെ സംഘം അബുദാബിയിലും രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്. താമരശ്ശേരി സ്വദേശി ഹാരിസിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് കൊലപ്പെടുത്തിയത്.

അതേസമയം പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൂത്രാടൻ അജ്മൽ, പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ്, പൂളക്കുളങ്ങര ഷെബീബ് റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ  പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളായ അജ്മൽ, ഫാസിൽ, ഷമീം, ഷഫീഖ്, ഷബീബ് എന്നിവരെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും പ്രതികൾക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയതിനുമാണ് അറസ്റ്റ്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവും എസ്ഡിപിഐയുടെ സജീവപ്രവർത്തകനുമായിരുന്നു സുനിൽ. നിലമ്പൂരിൽ ഒരു ബേക്കറി നടത്തുകയായിരുന്നു സുനിൽ.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം.

ഒന്നേ കാൽ വർഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Eng­lish summary;Assassination of tra­di­tion­al heal­er; Sus­pects also killed two peo­ple in Abu Dhabi

You may also like this video;

Exit mobile version