Site iconSite icon Janayugom Online

നിയമസഭാ പുരസ്കാരം എൻ എസ് മാധവന്

ഈ വര്‍ഷത്തെ നിയമസഭാ സാഹിത്യപുരസ്കാരം എന്‍ എസ് മാധവന്. സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരമായ ഒരു ലക്ഷം രൂപയുടെ അവാർഡ് തുകയും ശിൽപ്പവും ഇത്തവണ സമർ‍പ്പിക്കുന്നത് ആധുനിക മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നല്കിയ എൻ എസ് മാധവനാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഏഴിന്, നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ വച്ച് അദ്ദേഹത്തിന് മുഖ്യമന്ത്രി പുരസ്കാരം സമർപ്പിക്കും. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ എസ് മാധവൻ, മലയാള ചെറുകഥാസാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. ലന്തൻ ബത്തേരിയിലെ ലുത്തിയിനകൾ എന്ന ഒറ്റ നോവൽ കൊണ്ട്, നോവൽ സാഹിത്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴി‍ഞ്ഞു. ഹിഗ്വിറ്റ’, ‘തിരുത്ത്’, ‘ചുളൈമേടിലെ ശവങ്ങൾ’, ‘വൻമരങ്ങൾ വീഴുമ്പോൾ’, ‘പഞ്ചകന്യകകൾ’, ‘ഭീമച്ചൻ’ തുടങ്ങിയ ശ്രദ്ധേയമായ കഥകളിലൂടെ മലയാള ചെറുകഥയ്ക്ക് പുത്തനുണർവ് സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന അദ്ദേഹം, കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version