Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും തോക്കുകള്‍ കഥപറയുന്നു…

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 60 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും 93 ശതമാനവും കോടീശ്വരന്മാരാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം വിശകലനം ചെയ‍്താണ് എഡിആര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
ഝാര്‍ഖണ്ഡിലെയും സ്ഥാനാര്‍ത്ഥികളുടെ സാമ്പത്തിക സ്ഥിതി, ക്രിമിനല്‍ പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ എഡിആര്‍ വിലയിരുത്തുന്നു. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരായ ഏക‍നാഥ് ഷിന്‍ഡെ, ഹേമന്ത് സൊരേന്‍ എന്നിവര്‍ക്ക് സ്വന്തമായി തോക്കുണ്ട്. സൊരേന് 55,000 രൂപ വിലമതിക്കുന്ന റൈഫിളും ഷിന്‍ഡെയുടെ പക്കല്‍ 2.5 ലക്ഷത്തിന്റെ റിവോള്‍വറും 2.25 ലക്ഷത്തിന്റെ പിസ്റ്റളുമുണ്ട്. രണ്ട് പേര്‍ക്കും ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും സ്വകാര്യമായി ആയുധം കൈവശമാക്കിയത് എന്തിനാണെന്ന് വ്യക്തമല്ല. 

ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വിട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ചമ്പയ് സൊരേന് മൂന്ന് തോക്കുകളുണ്ട്. അതിലൊന്ന് പിസ്റ്റളും മറ്റൊന്ന് റൈഫിളും മൂന്നാമത്തേത് ഇനം വ്യക്തമാക്കാത്തതുമാണ്. ഇവയുടെ മൊത്തം മൂല്യം 2.78 ലക്ഷമാണ്. 1996 മോഡല്‍ വിന്റേജ് മഹീന്ദ്ര ജീപ്പ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. മകന്‍ ആകാശ് സൊരേനും മകള്‍ ബെയ‍‍്‍ലും ആശ്രിതരാണെന്നും പറയുന്നു. ആകാശിന് 78 ലക്ഷത്തിന്റെ ജംഗമ സ്വത്തുക്കളുണ്ട്.
ഹേമന്ത് സൊരേന്റെ സഹോദരന്‍ ദുര്‍ഗാ സൊരേന്റെ ഭാര്യ സീത സൊരേനും (സീത മുര്‍മു) മറ്റൊരു സഹോദരനായ ബസന്തിനും ഒന്നിലധികം തോക്കുകളുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായ സീതയ്ക്ക് ഒരു റൈഫിള്‍, രണ്ട് പിസ്റ്റള്‍, പേര് വ്യക്തമാകാത്ത മറ്റൊരു തോക്ക് എന്നിവയുണ്ട്. ഇവ‍യ്ക്ക് 1.15 ലക്ഷം വിലവരും. 15 ലക്ഷം വാര്‍ഷിക വരുമാനമുണ്ടെന്ന് ഇവരുടെ ഏറ്റവും പുതിയ ആദായനികുതി റിട്ടേണ്‍സ് സൂചിപ്പിക്കുന്നു. 2022ല്‍ 42 ലക്ഷത്തിന്റെ കാര്‍ വാങ്ങിയിരുന്നു.
ജെഎംഎം സ്ഥാനാര്‍ത്ഥിയായ ബസന്തിന് ഒരു പിസ്റ്റളും മറ്റൊരു തോക്കുമുണ്ട്, 1.52 ലക്ഷമാണ് ഇവയുടെ മൂല്യം. ഇയാളുടെ കഴിഞ്ഞ അഞ്ച് കൊല്ലത്തെ സാമ്പത്തിക വളര്‍ച്ച ശ്രദ്ധേയമാണ്. കോവിഡ് നിരവധി പേരെ സാമ്പത്തികമായി തളര്‍ത്തിയ 2019–20ല്‍ 10.26 ലക്ഷത്തില്‍ നിന്ന് ആസ്തി 1.9 കോടിയായി. അദ്ദേഹത്തിന്റെ ജിം ഉപകരണങ്ങള്‍ക്ക് മാത്രം ഏകദേശം 8.92 ലക്ഷം വില വരും. 

ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ബാബുലാല്‍ മറാണ്ടി 27 ലക്ഷം രൂപ വാര്‍ഷികവരുമാനമുണ്ടെന്ന ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചു. എന്നാല്‍ സത്യവാങ്മൂലത്തില്‍ 51 ലക്ഷത്തിന്റെ വോള്‍വോ കാറുണ്ടെന്ന് പറയുന്നു. മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചൗഹാന് 2019–20ല്‍ 45.03 ലക്ഷം വരുമാനമുണ്ടായിരുന്നെങ്കില്‍ 2024–25ലത് 39.35 ലക്ഷമായി കുറഞ്ഞു. എന്നാല്‍ ഭാര്യയുടെ വരുമാനം 5.22 ലക്ഷത്തില്‍ നിന്ന് 27.92 ലക്ഷമായി കുതിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ യുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് 7.8 ലക്ഷത്തിന്റെ ആയുധങ്ങളുണ്ട്. അവിവാഹിതനാണെങ്കിലും 4.7 ലക്ഷം വിലവരുന്ന ഒരു ജോഡി വളകളുണ്ട്. 2019ല്‍ 2013 മോഡല്‍ ബിഎംഡബ്ല്യു കാറും സ്വന്തമാക്കി. നിലവില്‍ അതിന്റെ മൂല്യം 4.2 ലക്ഷമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ‍്നാവിസിന് ജിയോ ഫിനാന്‍സ്, ഐടിസി, ആക്സിസ് ബാങ്കുകള്‍ ഉള്‍പ്പെടെ 49 കമ്പനികളുടെ 4.3 കോടി രൂപയുടെ ഓഹരികളുണ്ട്. ഏഴ് മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരിയുണ്ട്. വാര്‍ഷിക വരുമാനം 38 ലക്ഷമാണെന്ന് ഏറ്റവും പുതിയ ആദായനികുതി റിട്ടേണ്‍ പറയുന്നു. ഭാര്യയുടെ വരുമാനം 79 ലക്ഷം. രണ്ട് പേര്‍ക്കും സ്വന്തമായി വാഹനങ്ങളില്ല. 

Exit mobile version