നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 10 ദിവസം ബാക്കിനിൽക്കെ തെലങ്കാനയില്‍ ഇതുവരെ പിടികൂടിയ പണവും സ്വർണവും മദ്യവും സൗജന്യങ്ങളും 625 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22.46 കോടി രൂപ വിലമതിക്കുന്ന പണവും വിലപിടിപ്പുള്ള ലോഹവും മദ്യവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു, ഇതോടെ മൊത്തം പിടികൂടിയ വസ്തുക്കളുടെ മൂല്യം 625,79,47,333 രൂപയായി. 2018ലെ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത് 103.89 കോടി രൂപ മാത്രമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18.64 കോടി രൂപ വിവിധ ഏജന്‍സികള്‍ പിടികൂടി. ഇതോടെ ഒക്ടോബർ ഒമ്പത് മുതൽ പിടിച്ചെടുത്ത പണം 232.72 കോടി രൂപയായി. 24 മണിക്കൂറിനിടെ 2.57 കോടി രൂപയുടെ മദ്യവും പിടികൂടി. ഇതുവരെ പിടികൂടിയ മദ്യത്തിന്റെ ആകെ മൂല്യം 99.49 കോടി രൂപയായി. 2.17 ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
24 മണിക്കൂറിനിടെ 27 ലക്ഷം രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തു. ഇതുവരെ 34.35 കോടി രൂപയുടെ മയക്കുമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. ഇതുവരെ പിടികൂടിയ സ്വർണം, വെള്ളി, വജ്രം തുടങ്ങിയവയുടെ മൊത്തം മൂല്യം 180.60 കോടി രൂപയായി ഉയർന്നു. ഇതിൽ 294 കിലോ സ്വർണവും 1173 കിലോ വെള്ളിയും 19,269 കാരറ്റ് വജ്രവും ഉൾപ്പെടുന്നു.
സൗജന്യമായി വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന 78.62 കോടി രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 2.81 ലക്ഷം കിലോഗ്രാം അരി, 9159 കുക്കറുകൾ, 88,007 സാരികൾ, ഏഴ് ഇരുചക്ര വാഹനങ്ങൾ, എട്ട് വാഹനങ്ങള്‍, 5,701 ക്ലോക്കുകൾ, 72,473 മൊബൈല്‍ ഫോണുകള്‍ എന്നിവ ഉൾപ്പെടുന്നു. അതിനിടെ ബിആര്‍എസ് നേതാവ് കെ കവിതയുടെ വാഹനം തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥര്‍ രണ്ടാംതവണയും തടഞ്ഞ് പരിശോധിച്ചു. ഈ മാസം ഏഴിനും നിസാമാബാദില്‍ വച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വാഹനം പരിശോധിച്ചിരുന്നു. 30നാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.
English Summary:Assembly elections; Money flows into Telangana
You may also like this video