Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ്; പൊതുചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ടിവികെ

ഏപ്രിൽ‑മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനൊരുങ്ങുന്ന നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുചിഹ്നം അനുവദിച്ചേക്കും. കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകാരമില്ലാത്ത പാർട്ടിയായ ടി വി കെ, തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് പദ്ധതിയിടുന്നത്. എല്ലാ മണ്ഡലങ്ങളിലും ഒരേ ചിഹ്നത്തിൽ മത്സരിക്കുന്നത് പാർട്ടിയുടെ വിജയത്തിന് അത്യന്താപേക്ഷിതമായതിനാലാണ് നേരത്തെ തന്നെ ചിഹ്നത്തിനായി അപേക്ഷ നൽകിയത്. നിയമപ്രകാരം സമർപ്പിക്കേണ്ട 2024–25 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകളും സംഭാവന വിവരങ്ങളും പാർട്ടി കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഉടൻ തന്നെ ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം, കഴിഞ്ഞ ഒരു മാസമായി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന വിജയ് ജനുവരി 25ന് വീണ്ടും സജീവമാകും. മാമല്ലപുരത്തെ ഒരു റിസോർട്ടിൽ വെച്ച് നടക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. വിജയിന്റെ അവസാന ചിത്രമായ ‘ജനനായകൻ’ തടസ്സപ്പെട്ടതിനും, കരൂർ തിക്കും തിരക്കും ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സി ബി ഐ അദ്ദേഹത്തെ ചോദ്യം ചെയ്തതിനും ശേഷമുള്ള ആദ്യ രാഷ്ട്രീയ പരിപാടിയാണിത്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷം വിജയ് രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. ജനുവരി 25ലെ യോഗത്തോടെ പാർട്ടിയുടെ പ്രവർത്തനങ്ങൾ പൂർണ്ണ സജീവമാകുമെന്ന പ്രതീക്ഷയിലാണ് അണികൾ.

Exit mobile version