Site iconSite icon Janayugom Online

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ച് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. രാജ്യത്തിന്റെ ഒരുമയെ തകര്‍ക്കാൻ ശ്രമമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പലതിന്റെയും പേരില്‍ ജനതയെ ചേരിതിരിക്കാനും ഒരുമയെ തകര്‍ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

അവയെ ചെറുക്കേണ്ടതും പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളില്‍ നിന്ന് അവര്‍ക്ക് മോചനം നേടിയെടുക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേരള നിയമസഭയിലെ ഓരോ അംഗവും പ്രതിജ്ഞ എടുക്കുന്നുവെന്നും പ്രമേയം വ്യക്തമാക്കി. വൈദേശിക ആധിപത്യത്തിന് അവസാനം കുറിക്കാന്‍ തക്കവണ്ണം ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സര്‍വരെയും ഉള്‍ക്കൊള്ളുന്ന ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ കാഴ്ചപ്പാടായിരുന്നു. ഇന്ന് അത്തരം കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ രാജ്യത്താകമാനം നടക്കുന്നു.

സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയും അതില്‍ പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തില്‍ നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന്റെ പേരില്‍ രാജ്യത്തൊട്ടാകെയുള്ള വിവിധ ജയിലുകളില്‍ അടയ്ക്കപ്പെട്ട് കൊടിയ പീഡനങ്ങളും യാതനകളും നേരിടേണ്ടിവന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ സംഭാവനകളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രമേയത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്ത ആദിവാസികള്‍, ദളിതര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളെയും അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനായി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ് നിയമസഭയിലെ എല്ലാ അംഗങ്ങളുമെന്നും പ്രമേയം വ്യക്തമാക്കി.

Eng­lish Sum­ma­ry : 75th Anniver­sary of Inde­pen­dence: Assem­bly pass­es res­o­lu­tion unanimously
You may also like this video

Exit mobile version