Site iconSite icon Janayugom Online

നിയമസഭാ സമ്മേളനം നാളെ തുടങ്ങും; ബജറ്റ് മാർച്ച് 11ന്

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ മുതൽ ആരംഭിക്കും. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് മാർച്ച് 11ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. 25 മുതൽ മാർച്ച് 10 വരെ സഭയുണ്ടാവില്ലെന്ന് സ്പീക്കർ എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം സംബന്ധിച്ച അനുസ്‌മരണം 21ന് നടത്തി മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ഗവർണറുടെ പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചർച്ച 22 മുതൽ 24വരെ നടക്കും. മാർച്ച് 14 മുതൽ 16 വരെ ബജറ്റിലുള്ള പൊതുചർച്ച നടക്കും. 17ന് അന്തിമ ഉപധനാഭ്യർത്ഥനകൾ സഭ പരിഗണിക്കും. 2022–23 വർഷത്തെ ആദ്യ നാലു മാസത്തെ ചെലവുകൾ നിർവഹിക്കുന്നതിനുള്ള വോട്ട് ഓൺ അക്കൗണ്ട് മാർച്ച് 22നും ഉപധനാഭ്യർത്ഥനകളെയും വോട്ട് ഓൺ അക്കൗണ്ടിനെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ യഥാക്രമം 21, 23 തീയതികളിലും പരിഗണിക്കും. 21, 23 തീയതികളിൽ സർക്കാർ കാര്യങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള സമയം വിനിയോഗിക്കുന്നത് സംബന്ധിച്ച് 21ന് ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സഭ തീരുമാനിക്കും. മാർച്ച് 23ന് സമ്മേളനം അവസാനിക്കുമെന്ന് സ്പീക്കർ പറഞ്ഞു.

Eng­lish sum­ma­ry; Assem­bly ses­sion begins tomor­row; The bud­get will be pre­sent­ed on March 11

You may also like this video;

Exit mobile version