Site iconSite icon Janayugom Online

താലൂക്ക് അദാലത്തിലെ പുരോഗതി വിലയിരുത്തി; ജില്ലയിൽ ഇതുവരെ 2878 പരാതികളിൽ തീർപ്പ്

മന്ത്രിസഭാ തീരുമാനപ്രകാരം പരാതി പരിഹാരത്തിനായി ജില്ലയിലെ മന്ത്രിമാരായ കൃഷി മന്ത്രി പി പ്രസാദ്, ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തിന്റെ തുടർച്ചയായി മന്ത്രിമാർ അവലോകന യോഗം നടത്തി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലുൾപ്പെടെ ഇതുവരെ 2878 പരാതികൾക്ക് പരിഹാരം കണ്ടു. താലൂക്കുതല അദാലത്തുകളുടെ പരിഗണനയ്ക്കു വന്ന പരാതികളിൽ സങ്കീർണത മൂലം പരിഹാരം കാണാതിരുന്ന അപേക്ഷകളാണ് വീണ്ടും പരിഗണിച്ചത്. ഓൺലൈനിലും നേരിട്ടുമായി ഈ അദാലത്തുകളിൽ ആകെ 5707 പരാതികളാണ് ലഭിച്ചത്. ഇതിൽ 901 പരാതികൾ നിയമാനുസൃതമായി പരിഗണിക്കാനാവാത്തതിനാൽ നിരസിച്ചിരുന്നു. 1928 അപേക്ഷകൾ നിലവിൽ വകുപ്പ് തലത്തിൽ നടപടി ഘട്ടത്തിലാണെന്ന് മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവർ വിലയിരുത്തി. പുതിയ പരാതികളിലും തീർപ്പുണ്ടായതോടെ ജില്ലയിൽ 2878 പരാതികളിലാണ് അദാലത്തിലൂടെ പരിഹാരം സാധ്യമായത്.

മേയ് 29, 30, ജൂൺ മൂന്ന്, നാല്, ഏഴ്, എട്ട് തിയതികളിലാണ് ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലായി കരുതലും കൈത്താങ്ങും അദാലത്തുകൾ സംഘടിക്കപ്പെട്ടത്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക അനുവദിക്കൽ, വിള ഇൻഷുറൻസ്, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കൽ, അതിർത്തി നിർണയം തുടങ്ങിയ തരത്തിലുള്ള പരാതികളാണ് അദാലത്തിൽ മന്ത്രിമാർക്കു മുന്നിലെത്തിയത്. യോഗത്തിൽ ജില്ലാ കളക്ടർ ഹരിത വി കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ തല ഉദ്യോഗസ്ഥർ, താലൂക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Assessed progress in Taluk Adalath; So far 2878 com­plaints have been resolved in the district

Exit mobile version