Site iconSite icon Janayugom Online

മയക്കുമരുന്ന് സംഘത്തെ സഹായിച്ചു; മെക്സിക്കോ മുന്‍ ഉദ്യോഗസ്ഥന് 38 വര്‍ഷം തടവ്

മെക്സിക്കോയിലെ ലഹരിമരുന്ന് കാർട്ടലുകൾക്കെതിരായ പ്രവർത്തനങ്ങൾക്ക് വർഷങ്ങളോളം നേതൃത്വം നല്‍കിയ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കെെക്കൂലി കേസില്‍ 38 വര്‍ഷം തടവ് ശിക്ഷ. മുൻ മെക്സിക്കൻ സർക്കാർ ഉദ്യോഗസ്ഥനും എഞ്ചിനീയറുമായിരുന്ന ജെനാരോ ഗാർസിയ ലൂണയ്ക്കാണ് ന്യൂയോര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. എൽ ചാപ്പോ എന്നറിയപ്പെടുന്ന ജോക്വിൻ ഗുസ്‍മാൻ ലോറയുടെ നേതൃത്വത്തിലുള്ള സിനലോവ കാർട്ടലിൽ നിന്ന് ലൂണ ദശലക്ഷക്കണക്കിന് ഡോളർ കൈക്കൂലിയായി വാങ്ങിയെന്നും പകരം അതിന്റെ അംഗങ്ങളെ അറസ്റ്റിൽ നിന്ന് സംരക്ഷിക്കുകയും കൊക്കെയ്ൻ കയറ്റുമതിക്ക് മൗനാനുവാദം നല്‍കിയെന്നുമാണ് യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. 

ക്രിമിനൽ മയക്കുമരുന്ന് സംരംഭത്തിൽ ഏർപ്പെടുക, വിവിധ ഗൂഢാലോചനകളിൽ പങ്കാളിയാവുക, തെറ്റായ പ്രസ്താവനകൾ നടത്തുക തുടങ്ങിയ അഞ്ച് ക്രിമിനൽ കേസുകളിൽ ലൂണ കുറ്റക്കാരനാണെന്ന് 2023 ഫെബ്രുവരിയിൽ കോടതി കണ്ടെത്തിയിരുന്നു. 460 മാസം അമേരിക്കയിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കണം. നല്ലവനായി ചമഞ്ഞ് ഇരട്ടമുഖവുമായി ജീവിച്ച ഉദ്യോഗസ്ഥനെന്നാണ് കോടതി ജെനാരോ ഗാർസിയ ലൂണയെ വിശേഷിപ്പിച്ചത്. 

2006 മുതൽ 2012 വരെയുള്ള കാലയളവിൽ മെക്സിക്കോയിലെ പൊതു സുരക്ഷാ വിഭാഗത്തിലെ സെക്രട്ടറിയായിരുന്നു ജെനാരോ ഗാർസിയ ലൂണ. 2019ലെ അറസ്റ്റ് കാലം മുതൽ ജയിലിൽ കഴിയുന്നതിനാൽ പരമാവധി ശിക്ഷാ കാലാവധിയായ 20 വർഷം മാത്രം ജെനാരോ ഗാർസിയ ലൂണയ്ക്ക് നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി 38 വർഷത്തെ തടവ് വിധിച്ചത്. കൊളറാഡോയിലെ അതീവ സുരക്ഷാ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സിനലോവ കാർട്ടൽ നേതാവായ എൽ ചാപോ. 

Exit mobile version