Site iconSite icon Janayugom Online

ക്ഷേത്ര പൂജാരിമാരുടെ നിയമനം: ജാതി നോക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

ക്ഷേത്ര പൂജാരിമാരെ നിയമിക്കുന്നതില്‍ ജാതി അടിസ്ഥാനമാക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. പൂജാവിധികളെയും ക്ഷേത്രാചാരങ്ങളെയും കുറിച്ച് അറിവുണ്ടാകുകയും പരിശീലനം നേടുകയും മാത്രമാണ് പൂജാരിയാകാനുള്ള യോഗ്യതയെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ആര്‍ ആനന്ദ് വെങ്കിടേഷാണ് വിധി പ്രസ്താവിച്ചത്.

പൂജാരിയായി നിയമിക്കപ്പെടുന്ന വ്യക്തി തന്റെ കര്‍ത്തവ്യങ്ങള്‍ പാലിക്കുകയാണെങ്കില്‍ ജാതി അടിസ്ഥാനമാക്കേണ്ട കാര്യമില്ല. ക്ഷേത്രങ്ങളിലെ പ്രത്യേക ആചാരങ്ങളിൽ പ്രാവിണ്യമുള്ള വ്യക്തിയാണെങ്കില്‍ ഏത് ജാതിയില്‍പ്പെട്ടയാളെയും പൂജാരിയായി നിയമിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

സേലത്തെ സുഗവനേശ്വരര്‍ ക്ഷേത്രത്തിലേക്ക് പൂജാരിമാരെ നിയമിക്കുന്നതിനുള്ള 2018ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മുത്തു സുബ്രഹ്മണ്യ ഗുരുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
പൂജാരിമാരുടെ ഒഴിവുകള്‍ നികത്താന്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാരോട് നിര്‍ദ്ദേശിക്കുകയും അപേക്ഷകനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തു. ക്ഷേത്ര പൂജാരി നിയമനം മതേതരമായ ചടങ്ങാണെന്നും അതിനാല്‍ പാരമ്പര്യ അവകാശം ഉന്നയിക്കേണ്ട പ്രശ്നമില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

തമിഴ്‌നാട്ടില്‍ ബ്രാഹ്മണരല്ലാത്ത 58 പേരെ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. പൂജാരിമാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാതി നോക്കാതെ നിയമനം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തമിഴ്നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലേക്കാണ് 58 പുതിയ പൂജാരിമാരെ നിയമിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Caste will have no role to play in appoint­ment of tem­ple priests, rules Madras High Court
You may also like this video

Exit mobile version