വരാനിരിക്കുന്ന യൂറോപ്പ ഫുട്‌ബോൾ ലീഗ് മത്സരത്തിൽ ഇസ്രായേൽ ക്ലബ്ബായ മക്കാബി തെൽ അവീവിൻ്റെ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ല അധികൃതർ അറിയിച്ചു. അടുത്ത മാസം നടക്കുന്ന ആസ്റ്റൺ വില്ല‑മക്കാബി തെൽ അവീവ് മത്സരത്തിനാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിലക്കേർപ്പെടുത്തിയത്. വില്ലാ പാർക്കിൽ നടക്കുന്ന ഫുട്‌ബോൾ മത്സരങ്ങൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന ബിർമിങ്ഹാം സേഫ്റ്റി അഡ്വൈസറി ഗ്രൂപ്പ് ആണ് ഇസ്രായേൽ കാണികളെ വിലക്കാൻ നിർദ്ദേശം നൽകിയത്. ഈ തീരുമാനം ഔദ്യോഗികമായി മക്കാബി തെൽ അവീവിനെ അറിയിച്ചതായി ആസ്റ്റൺ വില്ല വ്യക്തമാക്കി. ബി എസ് എ ജി യുടെ നിർദ്ദേശപ്രകാരമാണ് കാണികളെ വിലക്കുന്നതെന്നും ക്ലബ് വിശദീകരിച്ചു.
മത്സരത്തിന് മുന്നോടിയായി കനത്ത ജാഗ്രതയാണ് പുലർത്തുന്നതെന്ന് വെസ്റ്റ് മിഡ്ലാൻഡ് പൊലീസ് അറിയിച്ചു. ആസ്റ്റൺ വില്ലയും ഇസ്രായേൽ ക്ലബ്ബും തമ്മിലുള്ള മത്സരം അതീവ അപകടസാധ്യതയുള്ളതായാണ് പൊലീസ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം യുവേഫ യൂറോപ്പ ലീഗിനിടെ ആംസ്റ്റർഡാമിൽ അയാക്സും മക്കാബിയും തമ്മിൽ നടന്ന മത്സരത്തിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഫലസ്തീൻ അനുകൂലികളും ഇസ്രായേൽ ക്ലബ്ബിൻ്റെ ആരാധകരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സമാനമായ സാഹചര്യം ഇവിടെയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നടന്ന സംഘർഷത്തെ തുടർന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ചുപേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ കാണികൾ വംശീയ മുദ്രാവാക്യങ്ങൾ ഉൾപ്പെടെ വിളിച്ച് മനഃപൂർവം പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് വരാനിരിക്കുന്ന മത്സരത്തിൽ നിന്ന് ഇസ്രായേൽ കാണികളെ പൂർണ്ണമായും മാറ്റിനിർത്താൻ തീരുമാനിച്ചത്.

