Site icon Janayugom Online

രാജ്യത്ത് രണ്ടാംഡോസ് വാക്സിന്‍ യഥാസമയം ലഭിക്കാത്തത് 3.86 കോടി പേര്‍ക്ക്

vaccination

രാജ്യത്ത് 3.86 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത് രാജ്യത്തെ വാക്സിനേഷന്റെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിച്ചേക്കും.

കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ രണ്ടാം ഡോസ് വിവരങ്ങള്‍ തേടി രമണ്‍ ശര്‍മ്മ എന്ന ആക്ടിവിസ്റ്റാണ് ആരോഗ്യമന്ത്രാലയത്തെ സമീപിച്ചത്. കോവിഷീല്‍ഡ് വാക്സിന്‍ ആദ്യഡോസിന് ശേഷം 84–112 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കണം. കോവാക്സിന് 28 മുതല്‍ 42 ദിവസം വരെയാണ് രണ്ടാംഡോസിനുള്ള കാലപരിധി.

ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചവരില്‍ 3.86 കോടി പേര്‍ക്ക് രണ്ടാം ഡോസ് ലഭ്യമായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സെന്റര്‍ നല്‍കിയ കണക്കുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. 3.40 കോടി പേര്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരും 46 ലക്ഷം പേര്‍ കോവാക്ലിന്‍ സ്വീകരിച്ചവരുമാണ്.

വാക്സിന്‍ രണ്ട് ഡോസുകളും നിശ്ചിത കാലയളവില്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ രോഗപ്രതിരോധ ശക്തി പൂര്‍ണ്ണമാകൂവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയപരിധിയില്‍ വാക്സിന്‍ ലഭിക്കാത്തവര്‍ക്ക് ഒരിക്കല്‍കൂടി ഒന്നാം ഡോസും പിന്നീട് രണ്ടാം ഡോസും നല്‍കിയാല്‍ മാത്രമേ ഫലം ചെയ്യൂവെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Eng­lish Sum­ma­ry: At least 3.86 peo­ple in India not received sec­ond dose vac­cine in the right time

You may like this video also

Exit mobile version