Site iconSite icon Janayugom Online

പുത്തൂരിൽ രണ്ടാമത്തെ അതിഥി ‘ദുർഗ്ഗ’യെത്തി

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗ്ഗയെത്തി. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ ദുർഗ്ഗ എന്ന പെൺകടുവയെ 2017ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന 12 വയസുള്ള ദുർഗ്ഗയെ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെ പുത്തൂരിൽ എത്തിച്ച കടുവയെ ഏഴ് മണിയോടെയാണ് ക്രെയിനിന്റെ സഹായത്താൽ സുവോളജിക്കൽ പാർക്കിലെ ഇരുമ്പ് കൂട്ടിലേക്ക് മാറ്റിയത്. രണ്ടു മാസം മുമ്പ് എത്തിച്ച വൈഗ എന്ന കടുവയുടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ജീവനക്കാരുമായി ഇണങ്ങി കഴിഞ്ഞതോടെയാണ് ദുർഗ്ഗയുടെ വരവ്. വൈഗ ഇപ്പോൾ തുറന്ന കൂട്ടിലാണ്. ദുർഗ്ഗയെയും ആദ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും.
തേക്കടിയിൽ നിന്നും മംഗള എന്ന മറ്റൊരു കടുവയെയും അധികം വൈകാതെ പുത്തൂരിൽ എത്തിക്കാനും നീക്കം നടക്കുന്നുണ്ട്. ജൂലൈ മാസത്തിൽ പക്ഷികളെ കൂടി സുവോളജിക്കൽ പാർക്കിൽ എത്തിക്കാനാണ് അധികൃതരുടെ ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, അസിസ്റ്റൻറ് കളക്ടർ വി എം ജയകൃഷ്ണൻ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ഐഎഫ്എസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു ജനുവരിയോടെ പാർക്ക് തുറക്കാനാകുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

eng­lish summary;At Put­tur the sec­ond guest ‘Dur­ga’ arrived

you may also like this video;

Exit mobile version