Site iconSite icon Janayugom Online

ശബരിമലയില്‍ ഇനി അയ്യപ്പന്മാര്‍ക്ക് പായസം കൂട്ടി സദ്യയുണ്ണാം

ശബരിമലയില്‍ പുലാവ്, സാമ്പാര്‍ എന്നിവയടങ്ങിയ അന്നദാനത്തിന് പകരം ഇനിമുതല്‍ പപ്പടവും പായസവും ഉള്‍പ്പടെയുള്ള സദ്യ നല്‍കും. ഇന്നോ നാളെയോ സദ്യ നല്‍കുന്നത് ആരംഭിക്കാനും ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. 

ജനങ്ങള്‍ അന്നദാനത്തിന് നല്‍കുന്ന സംഭാവനയില്‍ നിന്നാണ് ഇതിനുള്ള ചെലവ് കണ്ടെത്തുക. പന്തളത്ത് അന്നദാനത്തിനുണ്ടായിരുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. അടുത്തവര്‍ഷത്തെ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കം ഫെബ്രുവരി മുതല്‍ ആരംഭിക്കും. അപ്പോള്‍ നടപ്പാക്കേണ്ട ശബരിമല മാസ്റ്റര്‍പ്ലാനിലെ പദ്ധതികളുടെ മുൻഗണനാക്രമം നിശ്ചയിക്കാൻ ഡിസംബര്‍ 16ന് യോഗം വിളിച്ചിട്ടുണ്ട്. ശബരിമലയില്‍ നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും പൊലീസുമായുള്ള ഏകോപനം നല്ല രീതിയില്‍ നടക്കുന്നതായും ബോര്‍ഡ് യോഗത്തിന് ശേഷം കെ ജയകമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version