Site iconSite icon Janayugom Online

ആസിഡ് കലർന്ന ഭക്ഷണം കഴിച്ചു; ഒരു കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ

വെള്ളമാണെന്ന് കരുതി ആസിഡ് ഉപയോഗിച്ച് ചോറും കറിയും പാചകം ചെയ്തത് കഴിച്ച ഒരു കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ. ബംഗാളിലെ മിഡ്‌നാപൂരിൽ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിപ്പണിക്കാരനായ ശാന്തു സന്യാസിയുടെ വീട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അരി വെന്തുവന്നപ്പോൾ വെള്ളം കുറവാണെന്ന് കണ്ട വീട്ടമ്മ, വെള്ളം സൂക്ഷിക്കുന്ന അതേ ജാറിൽ വെച്ചിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി എടുത്തൊഴിക്കുകയായിരുന്നു. പച്ചക്കറി പാകം ചെയ്തപ്പോഴും ഇവർ ആസിഡ് തന്നെയാണ് വെള്ളമെന്ന് കരുതി ചേർത്തത്. 

ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്കെല്ലാം കടുത്ത വയറുവേദന, ഛർദി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതോടെ അയൽവാസികളെ വിവരം അറിയിച്ചു. ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞതോടെ ഇവരെ വേഗത്തിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക പരിശോധനയിൽ ആസിഡ് കലർന്ന ഭക്ഷണം ഉള്ളിലെത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറുപേരെയും വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റി. ചികിത്സയിലുള്ള രണ്ട് കുട്ടികളും നാല് മുതിർന്നവരും ഉൾപ്പെടെ ആരും ഇതുവരെ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും ആരോഗ്യനിലയിൽ പ്രതികരിക്കാനായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version