Site iconSite icon Janayugom Online

അതിരപ്പിള്ളി കാട്ടാന ആക്രമണം; മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം ധനസഹായം നല്‍കി

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തിൽ മരിച്ച അടിച്ചിൽ തൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20), വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ ഇന്നലെ തന്നെ കൈമാറി. മരിച്ചവരുടെ വീടുകൾ കലക്ടർ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും കലക്ടർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജനറല്‍ ആശുപത്രിയിൽ കലക്ടറെത്തി മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സബ് കലക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് കലക്ടർ അറിയിച്ചു. സംഭവം നടന്ന ഉടൻതന്നെ കലക്ടർ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ചിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചിരുന്നു. നാട്ടുകാരുടെ പരാതികൾ പരിശോധിക്കാൻ വനംവകുപ്പുമായി ചേർന്ന് യോഗം വിളിക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെൻസിങ് എന്നിവയുടെ നിർമ്മാണം വേഗം നടപ്പിലാക്കുവാൻ വനംവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ പരിഗണനയിൽവരേണ്ട വിഷയങ്ങൾ കാലതാമസം കൂടാതെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. മരിച്ചവരിൽ സതീഷിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മരണം ആനയുടെ ചവിട്ടേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രഥമിക നിഗമനം. ആനയുടെ ചവിട്ടേറ്റ് ശ്വാസകോശത്തിൽ വാരിയെല്ലുകൾ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നാണ് പോസ്റ്റ്‌മോർട്ടത്തില്‍ പറയുന്നത്.

Exit mobile version