Site iconSite icon Janayugom Online

ആതിഖ്-അഷറഫ് കൊലപാതകം; ചോദ്യങ്ങളുയര്‍ത്തി സുപ്രീം കോടതി

സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ ആതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി.
എന്തുകൊണ്ട് രണ്ട് പേരും വന്ന ആംബുലന്‍സ് ആശുപത്രി ഗേറ്റില്‍ കയറ്റിയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. എന്തിനാണ് അവരെക്കൊണ്ട് ആശുപത്രിയില്‍ വച്ച്‌ പരേഡ് ചെയ്യിപ്പിച്ചതെന്നും കോടതി ചോദിച്ചു. ആതിഖ് അഹമ്മദിന്റെ കൊലപാതകം സ്വതന്ത്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 

ആതിഖിനെയും അഷ്റഫിനെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് കൊലപാതകികള്‍ എങ്ങനെ അറിഞ്ഞെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഏപ്രില്‍ 15ന് നടന്ന വെടിവയ്പിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന സമഗ്രമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും ജസ്റ്റിസ് ഡോ ചൗഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് കീഴിലുള്ള തുടര്‍നടപടികളും സമര്‍പ്പിക്കണം.
ആതീഖിന്റെ മകന്‍ അസദ് പൊലീസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്നതും അറിയിക്കണം. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. 

ഏപ്രില്‍ 15ന് രാത്രിയോടെയായിരുന്നു ആക്രമികള്‍ പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍വച്ച് രണ്ട് പേരെയും വെടിവച്ച്‌ കൊലപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയായിരുന്നു ആക്രമണം. പ്രതികളായ ലവ്‌ലേഷ് തിവാരി, സണ്ണി. അരുണ്‍ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Atiq-Ashraf mur­der; The Supreme Court raised questions

You may also like this video

Exit mobile version