Site iconSite icon Janayugom Online

ഗോവ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് അതിഷി

ഗോവ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന എഎപി നേതാവും,മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷി മര്‍ലേന. 2027ലാണ് ഈ രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞെടുപ്പുകള്‍ നടക്കുക. ഗോവയിലും, ഗുജറാത്തിലും എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞ അതിഷി കോണ്‍ഗ്രസുമായി യാതൊരു സഖ്യവുമില്ലെന്നാണ് നിലപാട് വ്യക്തമാക്കിയത്. മാർഗാവോയിലെ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായി ഗോവയിൽ എത്തിയതായിരുന്നു അതിഷി, ഇതിനിടയിലാണ് സഖ്യവുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നത്. ഗോവയിലും ഗുജറാത്തിലും നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്.

ഇതുവരെ സഖ്യത്തെക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അവര്‍ മറുപടി നൽകി. 2022 ൽ ഗോവയിലെ ജനങ്ങൾ ബിജെപിയെ അധികാരത്തിലെത്തിക്കാൻ വോട്ട് ചെയ്‌തു. എന്നാൽ അതേ സമയം തന്നെ കോൺഗ്രസ് 11 സീറ്റുകൾ നേടി. എന്നിട്ടും അവരുടെ 8 എംഎൽഎമാർ പിന്നീട് ബിജെപിയിൽ ചേർന്നുവെന്നും അതിഷി പറഞ്ഞു. മൂന്ന് എംഎൽഎമാർ മാത്രമുള്ള കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയാണെങ്കിൽ ആം ആദ്‌മി പാർട്ടിക്ക് രണ്ട് എംഎൽഎമാരുണ്ടെന്നും അതിഷി ചൂണ്ടിക്കാട്ടി.2022ലെ തിരഞ്ഞെടുപ്പിൽ രണ്ട് ആം ആദ്‌മി സ്ഥാനാർത്ഥികളും വിജയിച്ചപ്പോൾ, അവർക്ക് രണ്ട് മാസം പോലും പാർട്ടിയിൽ നിലനിൽക്കാൻ കഴിയില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ അവർ ഇപ്പോഴും പാർട്ടിക്കൊപ്പമുണ്ട്, കാരണം അവർ രാഷ്ട്രീയത്തിൽ നിന്ന് പണം സമ്പാദിക്കാൻ വന്നവരല്ലകോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് അതിഷി പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും പണം സമ്പാദിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയത്തിൽ ഞങ്ങൾക്ക് ഒട്ടും താൽപ്പര്യമില്ല. ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുക എന്നതാണ് രാഷ്ട്രീയത്തിലെ ഞങ്ങളുടെ താൽപ്പര്യംഅതിഷി കൂട്ടിച്ചേർത്തു. ഡൽഹി തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചും അതിഷി മനസ് തുറന്നു. ആം ആദ്‌മി പാർട്ടിക്ക് എന്ത് സംഭവിക്കും എന്നതല്ല, ഡൽഹിയിലെ ജനങ്ങൾക്ക് എന്ത് സംഭവിക്കും എന്നതാണ് പ്രധാന പ്രശ്‌നമെന്ന് അതിഷി പറയുന്നു. 250 മൊഹല്ല ക്ലിനിക്കുകൾ അടച്ചുപൂട്ടുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. സൗജന്യ മരുന്ന് നിർത്തലാക്കുമെന്നും അവർ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും അതിഷി ആരോപിച്ചു. അതേസമയം, സഖ്യത്തെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നാണ് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അമിത് പട്കർ അറിയിച്ചത്. എല്ലാ പാർട്ടികളുടെയും പ്രധാന ശ്രദ്ധ ഓരോ മണ്ഡലത്തിലും അവരുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നതിലാണെന്നും കോൺഗ്രസ് 40 മണ്ഡലങ്ങളിലും പ്രവർത്തനം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Atishi says no alliance with Con­gress in Goa, Gujarat assem­bly elections

Exit mobile version