Site iconSite icon Janayugom Online

അതിഷിയുടെ സത്യപ്രതിജ്ഞ 21ന്

നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ 21ന് നടക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 

സിബിഐ കേസില്‍ ജാമ്യം ലഭിച്ച കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം രാജിവച്ച് അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിലാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അനുമതിയോടെയാണ് 21ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും ഗവര്‍ണറുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്തും രാഷ്ട്രപതിക്ക് കൈമാറി. 

കെജ്‌രിവാള്‍ മന്ത്രിസഭാംഗങ്ങളെ പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ടാകും പുതിയ മന്ത്രിസഭ രൂപീകരിക്കുക. കരോള്‍ ഭാഗ് എംഎല്‍എ വിനേഷ് രവി, കോണ്ടിലി എംഎല്‍എ കുല്‍ദീപ് കുമാര്‍ എന്നിവരും അതിഷി മന്ത്രിസഭയിലുണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം മുഖ്യമന്ത്രി പദവി രാജിവച്ച അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതി, സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉപേക്ഷിച്ചതായി എഎപി അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ കെ‌ജ്‌രിവാളും കുടുംബവും മറ്റൊരു സ്ഥലത്തേക്ക് താമസം മാറുമെന്നും മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു. 

Exit mobile version