Site iconSite icon Janayugom Online

ബാഴ്‌സയെ നാണംകെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ്

കോപ്പ ഡെൽ റേ ആദ്യപാദ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ നാണംകെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഡീഗോ സിമിയോണിയും സംഘവും ബാഴ്‌സയുടെ വല നിറച്ചത്. ഈ വമ്പൻ ജയത്തോടെ ഫൈനൽ പ്രതീക്ഷകൾ അത്‌ലറ്റിക്കോ ഏറെക്കുറെ ഉറപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സലോണയുടെ പ്രതിരോധം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഏഴാം മിനിറ്റില്‍ ബാഴ്‌സ ഡിഫൻഡർ എറിക് ഗാർസിയ വഴങ്ങിയ ഓൺഗോളിലൂടെ അത്‌ലറ്റിക്കോയ്ക്ക് ഭാഗ്യതുടക്കം ലഭിച്ചു. 14-ാം മിനിറ്റില്‍ സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ലീഡ് രണ്ടായി ഉയർത്തി. 

33-ാം മിനിറ്റില്‍ അർജന്റൈൻ താരം ജൂലിയൻ അൽവാരസിന്റെ മികച്ച പാസിൽ നിന്നും അഡമോള ലുക്മാൻ മൂന്നാം ഗോൾ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജൂലിയൻ അൽവാരസ് കൂടി ഗോൾ പട്ടികയിൽ ഇടംപിടിച്ചതോടെ ബാഴ്‌സയുടെ പതനം പൂർണമായി. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ബാഴ്സയുടെ ശ്രമങ്ങള്‍ പരാജയമായി. 

മാർച്ച് മൂന്നിന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ബാഴ്‌സയ്ക്ക് ഫൈനലിൽ എത്താൻ സാധിക്കൂ. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കുറഞ്ഞത് അഞ്ച് ഗോളിന്റെയെങ്കിലും വിജയം ബാഴ്‌സയ്ക്ക് അനിവാര്യമാണ്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമിയില്‍ അത്‌ലറ്റിക്കോ ക്ലബ്ബിനെ റയല്‍ സോസിഡാഡ് 1–0ന് തോല്പിച്ചു. 62-ാം മിനിറ്റില്‍ ബെനറ്റ് ടുറിന്റസാണ് വിജയഗോള്‍ കണ്ടെത്തിയത്. 

Exit mobile version