Site iconSite icon Janayugom Online

എടിഎം കവർച്ച; പ്രതികളെ തൃശൂരില്‍ എത്തിച്ചു

എടിഎം കവര്‍ച്ച കേസിലെ പ്രതികളെ തമിഴ്‌നാട്ടില്‍നിന്ന് തൃശൂരില്‍ എത്തിച്ചു. നാമക്കലില്‍നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അഞ്ച് പ്രതികളെ എത്തിച്ചത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തേക്ക് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ഹരിയാന സ്വദേശികളായ ഇര്‍ഫാന്‍, സബീര്‍ഖാന്‍, മുഹമ്മദ് ഇഖ്റം, സ്വിഗീന്‍, മുബാറിക് എന്നി പ്രതികളെയാണ് എത്തിച്ചത്. ശനിയാഴ്ച പ്രതികളുമായി കവര്‍ച്ച നടന്ന ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മിലെത്തി ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് കവര്‍ച്ച നടന്ന മറ്റു എ ടി എമ്മുകൾ സ്ഥിതി ചെയ്യുന്ന കോലഴി, മാപ്രാണം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. വിയ്യൂര്‍, ഇരിങ്ങാലക്കുട പൊലീസാണ് ഇവിടങ്ങളില്‍ തെളിവെടുപ്പ് നടത്തുക. തുടര്‍ന്ന് പ്രതികളെ തിരികെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് കൊണ്ടുപോകും.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു പ്രതിയെ പിന്നീട് മാത്രമേ തെളിവെടുപ്പിന് എത്തിക്കൂ. തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ 27നാണ് ഏഴംഗ സംഘം മൂന്ന് എടിഎമ്മുകളില്‍നിന്ന് 69.41 ലക്ഷം രൂപ കവര്‍ന്നത്. പിന്നീട് സംഘം സഞ്ചരിച്ചിരുന്ന കാറുൾപ്പെടെ കണ്ടെയ്‌നറില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ നാമക്കലില്‍വെച്ച് തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കവര്‍ച്ചസംഘം നാലാമതൊരു എടിഎം കൂടി ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ഇരിങ്ങാലക്കുടക്കും തൃശൂരിനും ഇടയിലുള്ള എടിഎമ്മാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അവിടെ ആളുകളുള്ളതിനാൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version