രാജ്യത്ത് ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിട്ടശേഷം 88 വര്‍ഗീയ കലാപകേസുകള്‍ ഉണ്ടായതായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുല്‍ ആലം വ്യക്തമാക്കി.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ ഇന്ത്യയുടെ നിലപാട് അറിയിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
ക്രിയാത്മകവും ജനാഭിമുഖ്യമുള്ളതുമായ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ബംഗ്ലാദേശിലെ പുതിയ സര്‍ക്കാരുമായി പോസിറ്റീവും പരസ്പര സഹായകരവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിക്രം മിസ്രി അറിയിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അക്രമങ്ങളില്‍ സ്വീകരിച്ച നടപടി ബംഗ്ലാദേശ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. സുനംഗഞ്ച്, ഗാസിപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.