Site iconSite icon Janayugom Online

അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണം; 8 പേർ അറസ്റ്റിൽ

നടൻ അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് അല്ലുവിന്റെ വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. യൂണിവേഴ്സിറ്റിയുടെ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ അംഗങ്ങളാണ് അറസ്റ്റിലായത്. ഇവരെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പുഷ്പ 2ന്റെ റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് അല്ലുവിൻ്റെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയത്. അക്രമികൾ അല്ലുവിൻ്റെ വീടിന് നേരെ കല്ലും, തക്കാളികളുമെറിയുകയായിരുന്നു. ചിലർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് സെക്യൂരിറ്റിയെ അടക്കം മർദിച്ചതായും വിവരമുണ്ട്. സംഭവത്തിന്റ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വീട്ടിലെ ചെടിച്ചട്ടികളടക്കം തകർന്നു കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതേസമയം ആക്രമണത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല. അതേസമയം ആക്രമണം നടക്കുമ്പോൾ അല്ലു അർജുനും കുടുംബവും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം.

Exit mobile version