മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കാക്കനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആക്രമണം. ഇന്ന് കാക്കനാട് ഗവ. പ്രസിൽ സിടിപി മെഷീന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് മടങ്ങുന്നതിനിടെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് ഓടുന്ന കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചാടിയെത്തിയ പ്രവർത്തകനാണ് വാഹനത്തിന്റെ ചില്ല് തകർക്കാൻ ശ്രമം നടത്തിയത്.
മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലിൽ നിരന്തരം ഇടിച്ച് തകർക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് എത്തിയാണ് നീക്കിയത്. സംഘർഷത്തിൽ തൃപ്പുണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരനായ അരുണ്കുമാറിന് പരിക്കേറ്റു.
സംഭവത്തിൽ കോൺഗ്രസ് പ്രവര്‍ത്തകന്‍ രവിപുരം പനന്താനം വീട്ടിൽ സോണി ജോർജിനെ(25) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കാക്കനാട് ജംഗ്ഷനിൽ രഹസ്യമായി നിലയുറപ്പിച്ച സോണി, മുഖ്യമന്ത്രിയുടെ വാഹനം എത്തിയതോടെ അരയിൽ നിന്നും കറുത്ത തുണിയെടുത്ത് വാഹനത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു.
കോണ്‍ഗ്രസ് ചില വ്യക്തികളെ ഉപയോഗിച്ച് അക്രമപ്രവര്‍ത്തനം നടത്തുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി ആക്രമണം സംഘടിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചു.
English Summary: Attack on Chief Minister’s vehicle; Kakkanad Youth Congress worker arrested
You may like this video also