മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച മൂന്ന് യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നിരവധി കേസുകളിലെ പ്രതികളായ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻകുമാർ (35), മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയും അധ്യാപകനുമായ ഫർസീൻ മജീദ് (37), സുനിത് നാരായണൻ എന്നിവരാണ് പ്രതികൾ. ഇവരിൽ സുനീത് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മറ്റു രണ്ടുപേരും അക്രമം നടത്തിയ ഉടനെ പിടിയിലായിരുന്നു. അറസ്‌റ്റിലായ രണ്ട് പേരെയും മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനയ്‌ക്കുശേഷം വലിയതുറ പൊലീസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയുടെയുടേയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ്.
പിടിയിലായ അധ്യാപകനെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുട്ടന്നൂർ യുപി സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) പരാതി നൽകിയിട്ടുണ്ട്.
ഇന്‍ഡിഗോ ആഭ്യന്തര സമിതി അന്വേഷണം നടത്തുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. എസ്‌പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് കേസിന്റെ മേൽനോട്ടം വഹിക്കും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പിയെ കൂടാതെ തിരുവനന്തപുരം ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി കെ പൃഥിരാജും സംഘത്തിൽ ഉണ്ട്.
English Summary: Attack on CM: Attempted murder case registered
You may like this video also