Site iconSite icon Janayugom Online

കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം

കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബംഗളുരുവിൽ കർണാടക രാജ്യ റെയ്തു സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. ടിക്കായത്തിന് മുഖത്ത് പ്രതിഷേധക്കാരൻ മഷിയൊഴിച്ചു. മൈക്കുകൊണ്ട് അടിക്കുകയും ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖര്‍ പണം വാങ്ങുന്നത് ഒളിക്യാമറയില്‍ കുടുങ്ങിയ സംഭവം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ആക്രമണം. കേന്ദ്ര സർക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് അക്രമി മഷി ഒഴിച്ചതെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു.

കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ ബംഗളുരു പൊലീസ് പിടികൂടിയിട്ടുണ്ട്. തനിക്ക് നേരെയുണ്ടായ ആക്രമണം സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയാണെന്നും പൊലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് എതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാവാണ് രാകേഷ് ടിക്കായത്ത്. അടുത്തിടെ ടിക്കായത്തിന്റെ സംഘടനയായ ഭാരതീയ കിസാന്‍ യൂണിയനില്‍ പിളര്‍പ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപിയായിരുന്നു.

കര്‍ഷകരുടെ മനോവീര്യം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കിസാന്‍ ഏകതാ മോര്‍ച്ച പറഞ്ഞു. ചില ആളുകള്‍ക്ക് കര്‍ഷക സമരത്തിന്റെ വിജയം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഷകരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും കിസാന്‍ ഏകതാ മോര്‍ച്ച ആഹ്വാനം ചെയ്തു.

Eng­lish summary;Attack on farmer leader Rakesh Tikayath

You may also like this video;

Exit mobile version