Site iconSite icon Janayugom Online

ഗാസയില്‍ ആക്രമണം കടുത്തു; നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വന്‍ പ്രതിഷേധം

ഗാസ പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസ സിറ്റിയിലെ ഉയർന്ന കെട്ടിടങ്ങൾ ഇസ്രയേൽ സൈന്യം തകർത്തു. പ്രദേശവാസികളോട് ഗാസമുനമ്പിന്റെ തെക്ക് ഭാഗത്തോട്ട് പലായനം ചെയ്യാൻ സൈന്യം നിർദേശം നൽകി.

കെട്ടിടങ്ങൾ തകർക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ആക്രമണം സ്ഥിരീകരിച്ചു. ഞങ്ങൾ തുടരുന്നു എന്ന് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ പിടിച്ചടക്കാൻ സൈന്യത്തിന് നിർദേശം നൽകിയതിന് പിന്നാലെ വ്യാപക ആക്രമണമാണ് പ്രദേശത്ത് നടക്കുന്നത്. ഗാസ സിറ്റി ഹമാസിന്റെ കേന്ദ്രമാണെന്ന് ആരോപിച്ചാണ് പ്രദേശം പിടിച്ചെടുക്കാൻ നെതന്യാഹു നിർദേശം നൽകിയത്.

അതേസമയം ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നെതന്യാഹുവിന്റെ വസതിക്ക് സമീപം പതിനായിരക്കണക്കിന് ഇസ്രയേലികൾ പ്രതിഷേധിച്ചു. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുൾപ്പെടെ പ്രതിഷേധിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഏതാണ്ട് അമ്പതോളം ബന്ദികൾ ഇപ്പോഴും ഗാസയിൽ ഹമാസിന്റെ തടവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജറുസലേമിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള കോർഡ്‌സ് പാലത്തിൽ നിന്ന് അസ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ വസതിയിലേക്കായിരുന്നു പ്രതിഷേധക്കാർ റാലിയുമായി നീങ്ങിയത്. ‘മരണത്തിന്റെ നിഴലുള്ള സർക്കാർ’ എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ട് നെതന്യാഹുവിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ശക്തമായ പ്രതിരോധം തീർത്തിരുന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് റോഡ് അടച്ചിട്ട് മുൻകരുതൽ സ്വീകരിച്ചിരുന്നു. ഇതിന് പുറമെ പ്രതിഷേധം നടന്ന സ്ഥലത്തേയ്ക്ക് ജലപീരങ്കിയും എത്തിച്ചിരുന്നു.

Exit mobile version