Site iconSite icon Janayugom Online

ഹോസ്റ്റലില്‍ നിസ്കരിച്ച വിദേശ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം; ശക്തമായ നടപടി ഉണ്ടാകണമെന്ന് കെ കെശൈലജ ടീച്ചർ

ഗുജറാത്ത് സർവ്വകലാശാലയിലെ ഹോസ്റ്റലില്‍ നിസ്കരിച്ച വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണം ഉത്കണ്ഠ ഉയർത്തുന്നതും ശക്തമായ നടപടി ആവശ്യപ്പെടുന്നതുമാണെന്ന് സിപിഐ(എം) കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ. ബോയ്‌സ് ഹോസ്റ്റലിൽ തറാവീഹ് നിസ്‌കരിക്കുകയായിരുന്ന വിദ്യാർത്ഥികളെയാണ് കാവിഷാളണിഞ്ഞ് മോട്ടോർ സൈക്കിളിലെത്തിയ അക്രമിസംഘം കൂട്ടം ചേര്‍ന്ന് മർദ്ദിച്ചത്. ഇസ്ലാം മതവും നിസ്‌കാരവുമൊന്നും ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് അക്രമികൾ അഴിഞ്ഞാടിയതെന്നത് രാജ്യം എത്തപ്പെട്ടിരിക്കുന്ന വർഗീയ ഭീകരതയുടെ അത്യന്തം അപകടകരമായ അവസ്ഥയാണ് കാണിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

വിദേശ വിദ്യാർത്ഥികൾക്ക് സംരക്ഷണം കൊടുക്കേണ്ട യൂണിവേഴ്‌സിറ്റി അധികൃതരും ഗുജറാത്ത്‌സർക്കാരും വർഗീയഭീകരർക്ക് അഴിഞ്ഞാടാൻ കൂട്ടുനിൽക്കുകയാണെന്നാണ് അവിടെ നിന്നും വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാട്ടിലാണ് ഇങ്ങനെയൊരു അക്രമം നടന്നിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്ന് പ്രസ്താവ ചൂണ്ടിക്കാണിക്കുന്നു.

സർവ്വകലാശാലകളെയും അക്കാദമിക് സ്ഥാപനങ്ങളെയെല്ലാം കാവിവൽക്കരിക്കുകയും ആർ.എസ്.എസ് ആധിപത്യത്തിലാക്കുകയും ചെയ്യുന്ന അവസ്ഥയുടെ പ്രതിഫലനമാണ് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ സംഭവം കാണിക്കുന്നതെന്ന് ശൈലജ ടീച്ചർ കുറ്റപ്പെടുത്തി. വിദേശവിദ്യാർത്ഥികൾക്ക് നേരെ നടന്ന ഈ ആക്രമണം അന്താരാഷ്ട്ര സമൂഹത്തിനകത്ത് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശൈലജ ടീച്ചർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Attack On Inter­na­tion­al Stu­dents At Gujarat Hostel
You may also like this video

Exit mobile version