Site iconSite icon Janayugom Online

ഇറാൻ ആക്രമണം: ട്രംപിനെതിരെ അമേരിക്കൻ ജനത, അനുകൂല നിലപാട് 25 ശതമാനം പേര്‍ക്ക് മാത്രം

ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയായി ജനഹിതപരിശോധനാ ഫലം. റോയിട്ടേഴ്സ്-ഇപ്സോസ് നടത്തിയ പുതിയ സർവ്വേ പ്രകാരം, വെറും 25 ശതമാനം അമേരിക്കക്കാർ മാത്രമാണ് ഇറാൻ‑ഇസ്രായേൽ സംയുക്ത ആക്രമണത്തെ അനുകൂലിക്കുന്നത്. 43 ശതമാനം പേർ യുദ്ധത്തെ ശക്തമായി എതിർത്തപ്പോൾ 29 ശതമാനം പേർ വ്യക്തമായ നിലപാട് എടുത്തിട്ടില്ല.

അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട വാർത്ത പുറത്തുവരുന്നതിന് മുൻപ് നടത്തിയ സർവ്വേയാണിത്. മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ട്രംപ് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നത് വരെ ഈ ദൗത്യം തുടരുമെന്നും ഇനിയും മരണങ്ങൾ ഉണ്ടായേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, വിദേശ രാജ്യങ്ങളിലെ “അവസാനിക്കാത്ത യുദ്ധങ്ങൾ” അവസാനിപ്പിക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് ഒരു വിഭാഗം റിപ്പബ്ലിക്കൻ അനുഭവികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. 55 ശതമാനം റിപ്പബ്ലിക്കൻമാർ ആക്രമണത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയാണെങ്കിൽ തങ്ങളുടെ പിന്തുണ പിൻവലിക്കുമെന്ന് അവരിൽ 42 ശതമാനം പേരും വ്യക്തമാക്കി.

ഡെമോക്രാറ്റിക് പാർട്ടിയിൽ 74 ശതമാനം പേരും യുദ്ധത്തെ എതിർക്കുകയാണ്. കോൺഗ്രസിന്റെ അനുമതിയില്ലാതെ സൈനിക നീക്കം തുടരുന്നത് തടയാൻ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ ഈ ആഴ്ച തന്നെ അവതരിപ്പിക്കാൻ ഡെമോക്രാറ്റുകൾ നീക്കം തുടങ്ങിക്കഴിഞ്ഞു. ഇന്ധനവില വർധിക്കുന്നതും അമേരിക്കൻ സൈനികരുടെ മരണവും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ 201 പേരും ഇസ്രായേലിൽ ഒൻപത് പേരും യുഎഇയിൽ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി നിലനിൽക്കുകയാണ്.

Exit mobile version